തീവണ്ടിയിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തവർക്ക് തടവും പിഴയും
ബുധനാഴ്ച്ച ഉച്ചക്ക് മത്സ്യഗന്ധ എക്സ്പ്രസിലാണ് സംഭവം നടന്നത്.

കോഴിക്കോട്:മംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് തീവണ്ടിയിൽ ടിക്കറ്റില്ലാതെ യാത്രചെയ്യുകയും ടി.ടി.ഇ.യോട് അപമര്യാദയായി പെരുമാറുകയും ചെയ്ത അഞ്ച് മലയാളികൾക്ക് ഒരുമാസം തടവും പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് തരിയാട് കട്ടിപ്പാറ സ്വദേശികളായ യുനീസ് (24), മിസാബ് (24), സുജിത് (23), ജുനൈദ് (24), വിഷ്ണു (24) എന്നിവരെയാണ് ഉഡുപ്പി ജെ.എം.എഫ്. കോടതി ഒരുമാസം തടവിനും 1,100 രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചത്.
മംഗളൂരു സെൻട്രലിൽ നിന്ന് മുംബൈയിലേക്കുള്ള മത്സ്യഗന്ധ എക്സ്പ്രസിൽ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. ടിക്കറ്റെടുക്കാതെ കയറിയ ഇവർ ടി. ടി. ഇ. ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.
ടി.ടി.ഇ വിവരമറിയിച്ചതിനെത്തുടർന്ന് തീവണ്ടി ഉഡുപ്പിയിൽ എത്തിയപ്പോൾ റെയിൽവേ സുരക്ഷാസേനഇവരെ പിടികൂടി പിഴയടയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ സുരക്ഷാസേനയോടും അപമര്യാദയായി പെരുമാറിയതോടെ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനും അപമര്യാദയായി പെരുമാറിയതിനും രണ്ട് വ്യത്യസ്ത കേസുകളെടുത്തു.
അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയപ്പോൾ കോടതിയിലും ഇവർ മോശമായി പെരുമാറിയതോടെ ജഡ്ജി അഞ്ചുപേർക്കും ഒരുമാസം ശിക്ഷയും പിഴയും വിധിച്ചു. ഒരുമാസത്തിനിടെ പിഴയടച്ചില്ലെങ്കിൽ തടവ് രണ്ടുമാസത്തേക്ക് നീട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.