ചക്കിട്ട പാറയിലെ തുറക്കാത്ത പെട്രോൾ പമ്പിന് റീത്ത് വച്ച് ഡ്രൈവർമാർ
ഓട്ടോ ടാക്സി സംയുക്ത യൂണിയൻ തൊഴിലാളികളാണ് പ്രതിഷേധിച്ചത്

ചക്കിട്ടപാറ: വർഷങ്ങളായി പ്രവർത്തനം ആരംഭിക്കാൻ കാത്തിരിക്കുന്ന ചക്കിട്ടപാറയിലെ പെട്രോൾ പമ്പ് പ്രവർത്തനക്ഷമമാകാത്തതിൽ പ്രതിഷേധവുമായി ഡ്രൈവർമാർ.പേരാമ്പ്ര, കൂരാച്ചുണ്ട് മേഖലകളിൽ പുതിയ പമ്പുകൾ അനുവദിച്ചതിനോടൊപ്പം ചക്കിട്ടപാറയിലും പമ്പിനു വർഷങ്ങൾക്കു മുമ്പ് അനുമതി ലഭിച്ചിരുന്നു.
ടൗണിലെ ഓട്ടോ ടാക്സി സംയുക്ത യൂണിയൻ തൊഴിലാളികളാണ് ചക്കിട്ടപാറ- പെരുവണ്ണാമൂഴി പാതയോരത്തുള്ള പെട്രോൾ പമ്പിന് റീത്ത് വച്ച് പ്രതിഷേധിച്ചത്.ചക്കിട്ടപാറയിലും പേരാമ്പ്രയിലും നിർമാണം പൂർത്തിയാക്കി പമ്പുകൾ പ്രവർത്തിച്ചു തുടങ്ങിയിട്ട് വർഷങ്ങളായി. ബന്ധപ്പെട്ടവരോട് അന്വേഷിക്കുമ്പോൾ ഉടൻ ശരിയാക്കാമെന്ന മറുപടിയാണു ലഭിക്കുന്നത്.
ഓട്ടോ- ടാക്സി ഉൾപ്പെടെ ചക്കിട്ടപാറയിലെ നൂറ് കണക്കിനു വാഹനങ്ങൾ കിലോമീറ്ററുകൾ സഞ്ചരിച്ചാണു ഇപ്പോൾ ഇന്ധനം നിറക്കുന്നത്. ചക്കിട്ടപാറയിലെ ഏക പെട്രോൾ പമ്പ് ഉടൻ പ്രവർത്തന ക്ഷമമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.