ഗവർണറുടെ മാധ്യമ വിലക്കിനെതിരെ രാജഭവനിലേക്ക് മാധ്യമപ്രവർത്തകരുടെ റാലി
ഗവർണർ തൻറെ നടപടിയിൽ തെറ്റ് ഏറ്റു പറഞ്ഞ് ഖേദം പ്രകടിപ്പിക്കണം

തിരുവനന്തപുരം:തന്റെ വാർത്താ സമ്മേളനത്തിൽ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ ഇറക്കി വിട്ടതിനെതിരെ കേരള പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ രാജഭവനിലേക്ക് പ്രതിഷേധ റാലി സംഘടിപ്പിച്ചു.പത്രസമ്മേളനം ക്ഷണിച്ചുവരുത്തിയ ശേഷം മീഡിയവൺ കൈരളി ചാനലുകളെ ഇന്നലെയായിരുന്നു ഗവർണർ ഇറക്കിവിട്ടത്. ഗവര്‍ണര്‍ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും പ്രതിഷേധത്തില്‍ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ 11 .30നാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. വിവിധ മാധ്യങ്ങളിലെ നിരവധി പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മെയില്‍ അയച്ചു അനുമതി നല്‍കി പേര് പരിശോധിച്ച് അകത്തു കയറ്റിയ ശേഷമാണ് കൈരളി, മീഡിയ വണ്‍ സംഘത്തെ വാര്‍ത്താ സമ്മേളന ഹാളില്‍ നിന്നും ഗവര്‍ണര്‍ ഇറക്കിവിട്ടത്.ഇത് സ്വാതന്ത്ര്യത്തിന് മുകളിലുള്ള കയ്യേറ്റവും ജനാധിപത്യ വിരുദ്ധതയും ആണെന്ന് പത്രപ്രവർത്തക യൂണിയൻ നേതാക്കൾ പറഞ്ഞു.