രാവ് പകലാക്കി പോരാട്ടത്തേരുമായി തിക്കോടി അടിപ്പാത ആക്ഷൻ കമ്മിറ്റിയുടെ രാപ്പകൽ സമരം
കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല സമരം ഉദ്ഘാടനം ചെയ്തു

തിക്കോടി: ദേശീയപാതാ വികസനത്തോടെ ചരിത്രമുറങ്ങുന്ന തിക്കോടി പ്രദേശം രണ്ടായി മുറിക്കപ്പെടുമെന്നും, ഇതിന് പരിഹാരമായി അടിപ്പാത അടിയന്തരമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ട്, അടിപ്പാത ആക്ഷൻ കമ്മിറ്റി നടത്തിയ രാപ്പകൽ സമരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശനിയാഴ്ച വൈകീട്ട് 3 മണിക്ക് ആരംഭിച്ച സമരം ഞായറാഴ്ച രാവിലെ 10 മണിക്കാണ് അവസാനിച്ചത്. നൂറോളം പേരാണ് വളണ്ടിയർമാരായി പേര് രജിസ്റ്റർ ചെയ്തതെങ്കിലും അതിലേറെ ആളുകൾ പരിപാടിയിൽ പങ്കാളികളായി.
രണ്ടാഴ്ച മുമ്പ് നടത്തിയ മനുഷ്യ ചങ്ങലയും വർദ്ധിച്ച ജനപങ്കാളിത്തം കൊണ്ട് മനുഷ്യ മതിലാക്കി മാറ്റിയാണ് റോഡ് വികസന അന്യായത്തിനെതിരെ ജനങ്ങൾ പ്രതികരിച്ചത്. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല സമരം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ പി. വി. റംല, പഞ്ചായത്ത് മെമ്പർ സന്തോഷ് തിക്കോടി, വി. കെ. അബ്ദുൾ മജീദ്, ആർ. വിശ്വൻ, കെ. പി. ഷക്കീല, ബിജു കളത്തിൽ, സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി, മന്ദത്ത് മജീദ്, ഭാസ്കരൻ തിക്കോടി, അനിത, ടി. വി. അബ്ദുൽ ഗഫൂർ, സി. ഹനീഫ, കെ. വി സുരേഷ്, സഅദ് പുറക്കാട് എന്നിവർ സംസാരിച്ചു.
നാഷണൽ ഹൈവേയുടെ കിഴക്കു ഭാഗത്തുള്ള സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, തൃക്കോട്ടൂർ എ.യു.പി. സ്കൂൾ, തിക്കോടിയൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, എന്നിവിടങ്ങളിലേക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നുള്ളവർക്കും, പടിഞ്ഞാറ് ഭാഗത്തുള്ള ഫുഡ് കോർപ്പറേഷൻ ഗോഡൗൺ, റെയിൽവേ സ്റ്റേഷൻ, കൃഷി വകുപ്പ് വക ജില്ലാ മണ്ണു പരിശോധന കേന്ദ്രം, കൃഷിഭവൻ, കോക്കനട്ട് നഴ്സറി, മത്സ്യബന്ധന കേന്ദ്രമായ കോടിക്കൽ എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാൻ കിഴക്കു വശത്തുള്ളവർക്കും ഏറെ പ്രയാസമാണ്.
മാത്രമല്ല, പടിഞ്ഞാറ് ഭാഗത്തുള്ളവർക്ക് കോഴിക്കോട് ഭാഗത്തേക്ക് പോകണമെങ്കിൽ മൂന്ന് കിലോമീറ്റർ ദൂരമുള്ള പയ്യോളിയിലേക്കും, കണ്ണൂർ ഭാഗത്തേക്ക് പോകേണ്ടവർക്ക് ഇത്രയും ദൂരം താണ്ടി നന്തി ഭാഗത്തേക്കും എത്തിപ്പെടേണ്ട ദുരവസ്ഥയാണ് വരാൻ പോകുന്നത്. കൃത്യമായി പറഞ്ഞാൽ ദുരിത പൂർണ്ണമായ ഒരു ജീവിതത്തിലേക്കുള്ള നിഴലാട്ടമാണ് വികൃതമായ രൂപത്തിലുള്ള റോഡ് വികസനം ചൂണ്ടിക്കാണിക്കുന്നത്.
കുട്ടികളുടെ വിദ്യാഭ്യാസം തകരാറിലാക്കുകയും ജനജീവിതം സ്തംഭിപ്പിക്കുകയും ചെയ്യുന്ന ഈ ദുരവസ്ഥയ്ക്ക് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ ആക്ഷൻ കമ്മിറ്റിക്ക് കൂടുതൽ ശക്തമായ സമര പരിപാടികളിലേക്ക് പോകേണ്ടതായി വരും എന്നും ആക്ഷൻ കമ്മിറ്റി സൂചന നൽകി.