പേരാമ്പ്ര ബൈപ്പാസ് റെഡി: ഫെബ്രുവരിയിൽ നാടിന് സമർപ്പിക്കും
നിർമാണത്തിന്റെ 90 ശതമാനം പ്രവൃത്തികളും പൂർത്തീകരിച്ചു
പേരാമ്പ്ര: ഗതാഗതക്കുരുക്കിന് പരിഹാരമായി പേരാമ്പ്രക്കാരുടെ ചിരകാലഭിലാഷമായ ബൈപ്പാസ് റെഡി. അവസാനവട്ട മിനുക്കുപണികൾക്ക് ശേഷം പേരാമ്പ്ര ബൈപ്പാസ് ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് ടി.പി. രാമകൃഷ്ണൻ എം.എൽ.എ. പറഞ്ഞു.
ബൈപാസ് നിർമാണത്തിന്റെ 90 ശതമാനം പ്രവൃത്തികളും പൂർത്തീകരിച്ച് കഴിഞ്ഞതായും ശേഷിച്ചവ വേഗം പൂർത്തിയാക്കി ഉദ്ദേശിച്ച സമയത്തിനകം കൈമാറുമെന്ന് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഉറപ്പ് നല്കി. യിട്ടുണ്ട്. ബൈപ്പാസ് നിർമാണം സന്ദർശിച്ച്, പുരോഗതി വിലയിരുത്തിയ ശേഷമാണ് എം.എൽ.എ. ഇക്കാര്യം വ്യക്തമാക്കിയത്.
ബൈപ്പാസിൽ ഏറ്റവും ഉയരം വരുന്ന ചിരുതക്കുന്ന് ഭാഗത്ത് മണ്ണെടുത്ത് മാറ്റി ടാറിങ് നടത്താനുള്ള ജോലിയാണ് പ്രധാനമായി ഇനി നടത്താനുള്ളത്. ഇവിടത്തെ മണ്ണെടുത്തു മാറ്റി മറ്റൊരിടത്ത് നിക്ഷേപിക്കണം. ഇതിന് സ്ഥലം കണ്ടെത്തി കാര്യങ്ങൾ ഉടൻ ചെയ്യാൻ എം.എൽ.എ. നിർദേശം നൽകിയിട്ടുണ്ട്. മറ്റിടങ്ങളിൽ അവസാനഘട്ട ടാറിങ് ഉടൻ നടക്കും. റോഡിന്റെ തുടക്കത്തിലും അവസാനത്തിലുമുള്ള സ്ഥലത്തിന്റെ പരിമിതി പരിഹരിക്കാൻ പ്രൊപ്പോസൽ നൽകിയിട്ടുണ്ടെന്നും ബസ് സ്റ്റാൻഡിലേക്ക് ബൈപ്പാസിൽ നിന്നുള്ള പാതയുടെ വീതികൂട്ടാൻ നടപടിസ്വീകരിക്കുമെന്നും എം.എൽ.എ. അറിയിച്ചു.

