വിലങ്ങാട് പന്നിയേരിയിൽ കാട്ടാനകളിറങ്ങി വ്യാപക കൃഷി നാശം
ഈ മേഖലയിൽ വനം വകുപ്പ് സ്ഥാപിച്ചഫെൻസിംഗ് ലൈനുകൾ തകരാറിലാണെന്നും ഇത് വഴിയാണ് ആനകൾ കൃഷിയിടത്തിലിറങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.
വിലങ്ങാട് : വാണിമേൽ പഞ്ചായത്തിലെ മലയോര മേഖലയായ പന്നിയേരിയിൽ കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചു.പന്നിയേരി കടമാം കളരിമേഖലയിലാണ് ആനകൾ കൃഷി നാശം വരുത്തിയത്.
പേര്യ വനത്തിൽ നിന്നാണ് കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിൽ ഇറങ്ങിയത്. ഞായറാഴ്ച്ച പകലാണ് കൃഷി നശിപ്പിച്ചത് നാട്ടുകാർ കാണുന്നത്.പന്നിയേരി ആദിവാസി കോളനിയിലെ നാലോളം കർഷകരുടെ ഉടമസ്ഥതയിലുള്ള കൃഷിഭൂമിയിലെ നിരവധി വാഴകളും കമുകുകളും ആനക്കൂട്ടം നശിപ്പിച്ചു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനപാലകർ ആനകളുടെ സാനിധ്യം തിരിച്ചറിയുകയും പടക്കം പൊട്ടിച്ച് ആനകളെ കണ്ണവം വനമേഖലയിലേക്ക് തുരത്തി വിടുകയും ചെയ്തു. കോളനിയോട് ചേർന്ന് കിടക്കുന്ന കണ്ണവം വനമേഖലയിൽ പകൽ സമയങ്ങളിൽ പോലും ആനകളുടെ സാനിധ്യമുള്ളതിനാൽ കോളനി വാസികൾ ഭീതിയോടെയാണ് കഴിയുന്നത്.ഈ മേഖലയിൽ വനം വകുപ്പ് സ്ഥാപിച്ചഫെൻസിംഗ് ലൈനുകൾ തകരാറിലാണെന്നും ഇത് വഴിയാണ് ആനകൾ കൃഷിയിടത്തിലിറങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.

