സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിൽ കലാകാരൻമാരുടെ പങ്ക് നിർണ്ണായകം - പ്രൊഫ.സി.പി. അബൂബക്കർ
മേപ്പയ്യൂർ എൽ.പി. സ്കൂളിൽ "ആകാശത്തിലെ വേരുകൾ " കവിതാ സമാഹാരം പ്രകാശനം ചെയ്തു

മേപ്പയ്യൂർ: സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിൽ കലാകാരൻമാരുടെ പങ്ക് നിർണ്ണായകമാണെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ: സി.പി. അബൂബക്കർ. മേപ്പയ്യൂർ എൽ.പി. സ്കൂളിൽ നടന്ന സ്നേഹ അമ്മാറത്തിൻ്റെ "ആകാശത്തിലെ വേരുകൾ " എന്ന കവിതാ സമാഹരത്തിൻ്റെ പ്രകാശനവും സംഗീത പ്രതിഭകളായ മേപ്പയ്യൂർ ശിവാനന്ദനും, മേപ്പയ്യൂർ ബാലനും നൽകിയ ആദരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തിൻ്റെ ചലനാത്മകതക്ക് താളവും നൃത്തവും സംഗീതവും നാടകവും കവിതയുമെല്ലാം വേണം. മനുഷ്യരുടെ കൂട്ടുചേരലിനും പുതു ചരിത്രങ്ങൾ രൂപപ്പെടുത്തുന്നതിലും കലയുടെയും സാഹിത്യത്തിൻ്റേയും പങ്ക് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. രാജൻ അധ്യക്ഷനായി. പ്രശസ്ത കവി പ്രൊഫ:വീരാൻ കുട്ടി പുസ്തക പ്രകാശനം നിർവഹിച്ചു. പി.കെ. ഭബിതേഷ് പുസ്തകം ഏറ്റുവാങ്ങി. യുവകവി എം.പി. അനസ് പുസ്തക പരിചയം നിർവഹിച്ചു. മേപ്പയ്യൂർ ശിവാനന്ദനും മേപ്പയ്യൂർ ബാലനുമുള്ള ഉപഹാര സമർപ്പണം പ്രൊഫ:സി.പി. അബൂബക്കർ നിർവഹിച്ചു. ചലച്ചിത്ര മാധ്യമ പ്രവർത്തകൻ പി.കെ. പ്രിയേഷ് കുമാർ സംഗീത പ്രതിഭ ശിവാനന്ദൻ മേപ്പയ്യൂരിനെ പരിചയപ്പെടുത്തി.
മുൻ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, ഇ. അശോകൻ, എം.എം. അഷ്റഫ്, ബാബു കൊളക്കണ്ടി, ഇ. കുഞ്ഞിക്കണ്ണൻ, വി.എ. ബാലകൃഷ്ണൻ, പി. രജിലേഷ്, രാഗേഷ് പൈങ്ങോട്ടായി, ബിജു കൊട്ടാരക്കര, ബൈജു മേപ്പയ്യൂർ, റിൻജു രാജ് എടവന, സ്നേഹ അമ്മാറത്ത്, ഷിനോജ് എടവന എന്നിവർ സംസാരിച്ചു.