വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപണം;വലതുപക്ഷ പ്രവർത്തക അറസ്റ്റിൽ
ഏപ്രില്‍ ഒന്നിന് രാമനവമി ആഘോഷത്തിനിടെ പ്രസംഗത്തെ തുടര്‍ന്ന് ഉനയില്‍ രണ്ട് ദിവസത്തോളം വര്‍ഗീയ സംഘര്‍ഷമുണ്ടായിരുന്നു.

അഹമ്മദാബാദ്: വിവിധ സമുദായങ്ങള്‍ക്കിടയില്‍ മത സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണത്തില്‍ വലതുപക്ഷ പ്രവര്‍ത്തകയായ കാജല്‍ ഹിന്ദുസ്ഥാനി അറസ്റ്റില്‍. രാമനവമി ആഘോഷത്തിനിടെ ഗുജറാത്തിലെ ഉനയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് അറസ്റ്റ്. ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയില്‍ നിന്നാണ് കാജലിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച രാവിലെ ഉനയില്‍ വെച്ച് ഹിന്ദുസ്ഥാനി പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഹിന്ദുസ്ഥാനിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. മാര്‍ച്ച് 30ന് രാമനവമി ദിനത്തില്‍ വി.എച്ച്.പി സംഘടിപ്പിച്ച ഹിന്ദു സമുദായ സമ്മേളനത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് കേസ്.
മുസ്ലീം സ്ത്രീകള്‍ ഹിന്ദു യുവാക്കളെ വിവാഹം കഴിക്കണമെന്നായിരുന്നു ഹിന്ദുസ്ഥാനിയുടെ പ്രസംഗത്തിലെ ഒരു പരാമര്‍ശം. 'ഹിന്ദു യുവാക്കളെ വിവാഹം ചെയ്താല്‍ നിങ്ങള്‍ക്ക് 45 ഡിഗ്രി ചൂടില്‍ ബുര്‍ഖ ധരിക്കേണ്ടി വരില്ല. തലാഖ് ചൊല്ലി നിങ്ങളെ മൊഴി ചൊല്ലില്ല. ആണ്‍കുട്ടികളെ പോലെ തന്നെ പെണ്‍കുട്ടികള്‍ക്കും സ്വത്തില്‍ അവകാശമുണ്ടാകും', എന്നായിരുന്നു ഹിന്ദുസ്ഥാനിയുടെ വാദം. ഇത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
ഏപ്രില്‍ ഒന്നിന് രാമനവമി ആഘോഷത്തിനിടെ കാജല്‍ ഹിന്ദുസ്ഥാനിയുടെ പ്രസംഗത്തെ തുടര്‍ന്ന് ഉനയില്‍ രണ്ട് ദിവസത്തോളം വര്‍ഗീയ സംഘര്‍ഷമുണ്ടായിരുന്നു. രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കല്ലേറില്‍ കലാശിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കലാപത്തിന്റെ പേരില്‍ ഒരു കൂട്ടം ജനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും 80ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.