താമരശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടു പോയതെന്നു കരുതുന്ന കാർ കണ്ടെത്തി
തട്ടിക്കൊണ്ടുപോകപ്പെട്ട ഷാഫിയെ ആറാം ദിവസവും കണ്ടെത്താൻ സാധിച്ചിട്ടില്ല.
താമരശേരി:താമരശേരിയിൽ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ചതെന്ന് സംശയിക്കുന്ന കാർ കാസർകോട്ടെ സർവീസ് സെന്ററിൽ കണ്ടെത്തി. വിദേശത്ത് ജോലി ചെയ്യുന്ന കാസർകോട് തളങ്കര സ്വദേശിയിൽനിന്ന് വാടകയ്ക്ക് എടുത്ത കാറാണിത്. തട്ടിക്കൊണ്ടുപോയ സംഘത്തിൽ കാസർകോട് സ്വദേശികൾ ഉൾപ്പെടെയുണ്ടെന്നാണ് വിവരം. എന്നാൽ ക്വട്ടേഷൻ നൽകിയത് ആരെന്നതിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു.
കാസർകോട് ജില്ലയിലെ സമാന കേസുകളിൽ പ്രതികളായവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. 14 വി 6372 വെള്ള കാർ സർവീസ് സെന്ററിലെത്തിച്ചയാളെ കണ്ടെത്തി അതുവഴി തട്ടിക്കൊണ്ടുപോയവരിലേക്ക് എത്തിച്ചേരാമെന്ന പ്രതീക്ഷയിലാണ് അന്വേഷക സംഘം.
തട്ടിക്കൊണ്ടുപോകപ്പെട്ട ഷാഫിയെ കണ്ടെത്താൻ ആറാം ദിവസവും സാധിച്ചിട്ടില്ല. അയൽ സംസ്ഥാനത്തേക്ക് കടത്തിയിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്.
രണ്ടുപേരെ അന്വേഷകസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. ഷാഫിയുടെ വീട് കാണിച്ച് കൊടുക്കാനായി വന്ന കുടുക്കിലുമ്മാരം സ്വദേശിയായ യുവാവിന്റെ സഹോദരനും ഇയ്യാട് വീര്യമ്പ്രം സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ ദിവസം ഷാഫിയുടേതെന്ന് കരുതുന്ന ഫോൺ കരിപ്പൂർ വിമാനത്താവള റോഡിലെ കടയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി പി. പ്രമോദിന്റെ നേതൃത്വത്തിൽ ഷാഫിയുടെ ഭാര്യ സെനിയയെ കണ്ട് വിവരങ്ങളെടുത്തു. കണ്ണൂർ റേഞ്ച് ഡിഐജി പി വിമലാദിത്യ എത്തി അന്വേഷണ പുരോഗതി വിലയിരുത്തി.

