വയോജനങ്ങൾക്ക് ഉത്സാഹ മൂലയൊരുക്കി ബോധി ഗ്രന്ഥാലയം
ഉത്സാഹമൂലയുടെ ഉദ്ഘാടനം യു.കെ. രാഘവൻ മാസ്റ്റർ നിർവ്വഹിച്ചു.

പൂക്കാട്: വയോ ജനങ്ങൾക്കായി പകൽ താവള പദ്ധതിയായ ഉത്സാഹ മൂലയൊരുക്കി കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം.
ഗ്രന്ഥാലയത്തിലൊരുക്കുന്ന പകൽ താവളത്തിൽ വായനാ സാമഗ്രികൾ, കുടിവെള്ളം, ടെലിവിഷൻ പരിപാടികൾ എന്നിവയും ഒരുക്കും. വയോജനങ്ങൾക്ക് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഇവിടെ ചെലവഴിക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഉത്സാഹമൂലയുടെ ഉദ്ഘാടനം യു.കെ. രാഘവൻ മാസ്റ്റർ നിർവ്വഹിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് ഡോ. എൻ. വി സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. രണ്ടാഴ്ചയിലൊരിക്കൽ പുസ്തക ചർച്ചകൾ നടത്താനും പരിപാടി തയ്യാറാക്കിയിട്ടുണ്ട്.സ്പോൺസർമാരുടെ സഹായത്തോടെ ലഘു ഭക്ഷണവും ഉത്സാഹ മൂലയിൽ ലഭ്യമാക്കും. We To Help ൻ്റെ സഹകരണത്തോടെ ചികിത്സാ സൗകര്യം, പാലിയേറ്റീവ് സംവിധാനം എന്നിവയും ഗ്രന്ഥാലയത്തിൽ സജ്ജമാക്കും.
ജൂലായ് മാസം വയോജനവേദി അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ആകാശ യാത്ര ഉൾപ്പെടുത്തി വിനോദയാത്ര സംഘടിപ്പിക്കാനും ധാരണയായി.സെക്രട്ടറി വിപിൻദാസ്, സ്വാമിദാസ് വി, എൻ. കെ ഉണ്ണി മാസ്റ്റർ, ഇ. അനിൽകുമാർ, ടി. രാധാകൃഷ്ണൻ മാസ്റ്റർ, വി എം ലീല ടീച്ചർ, പി.കെ സദാനന്ദൻ, സൗദാമിനി ടീച്ചർ എന്നിവർ സംസാരിച്ചു.