പൂക്കാട് കലാലയത്തിൽ "കളി ആട്ടത്തിന്" തുടക്കമായി
ക്യാമ്പിൽ വിവിധ ജില്ലകളിൽനിന്നുള്ള 600ൽപരം വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്.

കൊയിലാണ്ടി:കുട്ടികളുടെ അവധിക്കാല ക്യാമ്പ് കളി ആട്ടത്തിന് പൂക്കാട് കലാലയത്തിൽ തുടക്കമായി. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഇ കെ അജിത്ത് അധ്യക്ഷനായി. ശിവദാസ് ചേമഞ്ചേരിയെ ആദരിച്ചു. വി ടി മുരളി ഉപഹാര സമർപ്പണം നടത്തി. കോ ഓർഡിനേറ്റർ എ അബൂബക്കറും ഡയറക്ടർ മനോജ് നാരായണനും കളി ആട്ട പാഠാവലിക്ക് തുടക്കമിട്ടു.
യു കെ രാഘവൻ, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, സജീഷ്, മനോജ് നാരായണൻ എന്നിവർ സംസാരിച്ചു. അശോകൻ കോട്ട് സ്വാഗതവും സുനിൽ തിരുവങ്ങൂർ നന്ദിയും പറഞ്ഞു.നാടകപ്രവർത്തകൻ മനോജ് നാരായണൻ ഡയറക്ടറും എ അബൂബക്കർ കോ-ഓഡിനേറ്ററുമായ ക്യാമ്പിൽ വിവിധ ജില്ലകളിൽനിന്നുള്ള 600ൽപരം വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്.
കുട്ടി കളി ആട്ടം 29 മുതൽ മൂന്നുദിവസം നടക്കും. രാവിലെ നാടകവ്യായാമത്തോടെ ആരംഭിക്കുന്ന ക്യാമ്പിൽ സംവാദങ്ങളും തിയറ്റർ പ്രവർത്തനങ്ങളും ആദരങ്ങളും രചനകളും നടക്കും. ദിവസവും വൈകിട്ട് 5.30ന് ആരംഭിക്കുന്ന തിയറ്റർ ഫെസ്റ്റിവലിൽ 12 ചിൽഡ്രൻസ് തിയറ്ററുകൾ നാടകം അവതരിപ്പിക്കും. ഒന്നാം ദിവസം ‘കുട്ടയ്യ നെട്ടയ്യ' നാടകം അരങ്ങേറി.