തീരദേശ വാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കും-മന്ത്രി സജി ചെറിയാൻ
ജില്ലാതല നടപടിക്ക് അദ്ദേഹം കലക്ടർക്ക് നിർദേശംനൽകി.

കോഴിക്കോട്:തീരദേശ വാസികൾക്ക് വീടൊരുക്കുന്നതിന്, തീരദേശനിയന്ത്രണ മേഖല (സി.ആർ.സെഡ്) ചട്ടവും പട്ടയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നോർത്ത് മണ്ഡലങ്ങളിലെ തീരസദസ്സ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അർഹരായ തീരദേശവാസികൾക്കെല്ലാം വീടൊരുക്കുകയാണ് സർക്കാർ ലക്ഷ്യം. പക്ഷേ അനുമതി ലഭിച്ചവരും സിആർസെഡ് മൂലം പ്രശ്‌നം നേരിടുകയാണ്. ജില്ലാ-സംസ്ഥാന തലത്തിൽ പ്രശ്‌ന പരിഹാരത്തിന് സംവിധാനമുണ്ടാക്കും. ജില്ലാതല നടപടിക്ക് അദ്ദേഹം കലക്ടർക്ക് നിർദേശംനൽകി.
തീരദേശ മേഖലകളിൽ വിദ്യാഭ്യാസം ഉറപ്പാക്കും. കുട്ടികളെ എത്രവരെ പഠിപ്പിക്കാനും സർക്കാർ തയ്യാറാണ്. മത്സ്യത്തൊഴിലാളികളായ വനിതകളെ വിപണനത്തിൽ മുഖ്യധാരയിലെത്തിക്കാനുള്ള ഇടപെടലുണ്ടാവും. പ്രത്യേക വസ്‌ത്രം, വിൽപ്പനയ്‌ക്കുള്ള സംവിധാനം വാഹനം തുടങ്ങിയവ നൽകും. അപകടരഹിത മത്സ്യബന്ധനത്തിനുള്ള നടപടിയും കൈക്കൊണ്ടു. ഇൻഷുറൻസ് എടുക്കാത്തവർ കടലിൽ പോകരുതെന്ന കർശന തീരുമാനമുണ്ടാകും.
ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാൻ ലേലം എന്ന തട്ടിപ്പ് അവസാനിപ്പിക്കും. മത്സ്യത്തിന് ന്യായവില ലഭ്യമാക്കും.തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. മേയർ ഡോ. ബീന ഫിലിപ്പ്, കലക്ടർ എ ഗീത, മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, കൗൺസിലർമാരായ പി പ്രസീന, സി പി സുലൈമാൻ, സൗഫിയ അനീഷ്, കെ റംലത്ത് എന്നിവർ സംസാരിച്ചു.
കൗൺസിലർ എം കെ മഹേഷ് സ്വാഗതവും ഫിഷറീസ് ഉത്തരമേഖല ജോയിന്റ് ഡയറക്ടർ ആർ അമ്പിളി നന്ദിയും പറഞ്ഞു.
വിവിധ ആനുകൂല്യങ്ങളുടെ വിതരണവും പ്രതിഭകളെ ആദരിക്കലും മന്ത്രി നിർവഹിച്ചു.നോർത്ത് മണ്ഡലം തീരസദസ്സ് വെസ്റ്റ്‌ഹിൽ സമുദ്ര ഓഡിറ്റോറിയത്തിലും സൗത്ത് മണ്ഡലത്തിന്റേത് പയ്യാനക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലുമായിരുന്നു.