ജലയാത്രകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി
കർശന നിയന്ത്രണങ്ങളോടെയാണ് അനുമതി.
കോഴിക്കോട്:താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജലയാത്രകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി. കർശന നിയന്ത്രണങ്ങളോടെയാണ് അനുമതി നൽകിയത്.
കടലുണ്ടിയിൽ തോണിയാത്രയും കക്കയത്ത് ബോട്ട് സർവീസും പുനരാരംഭിച്ചു. സരോവരത്ത് പെഡൽ ബോട്ട് സർവീസിന് ജലസേചന വകുപ്പിന്റെ അംഗീകാരത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
സുരക്ഷ ഉറപ്പാക്കിയാണ് കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിലെ തോണിയാത്ര പുനരാരംഭിച്ചത്. ഇരുപതോളം തോണികളാണ് ഇവിടെ സർവീസ് നടത്തുന്നത്. ചൊവ്വാഴ്‌ച 16 ട്രിപ്പ് നടത്തി.
പാലിക്കേണ്ട നിയമങ്ങൾ
● തോണിക്കാർ തുറമുഖ വകുപ്പിന്റെയും മാനേജ്‌മെന്റ് കമ്മിറ്റിയുടെയും നിർദേശങ്ങൾ പാലിക്കണം
● തോണി സർവീസ് നടത്തുന്നവർ ദിവസവും രാവിലെ എട്ടിന് കെവിസിആർ ഓഫീസിൽ രജിസ്‌റ്റർ ചെയ്യണം
● തോണിയിൽ കയറാവുന്ന യാത്രക്കാരുടെ എണ്ണവും തോണി ഉടമയുടെ പേരും പ്രദർശിപ്പിക്കണം
● ലൈസൻസിൽ നിർദേശിച്ച യാത്രക്കാരിൽ കൂടുതൽ പേരെ കയറ്റരുത്
● തോണിയിൽ ലൈഫ് ജാക്കറ്റും ജീവൻ രക്ഷാ ഉപകരണങ്ങളും നിർബന്ധം
● കുട്ടികൾ ഉൾപ്പെടെ യാത്രക്കാർ ലൈഫ് ജാക്കറ്റ് ധരിക്കണം
● രാവിലെ എട്ടു മുതൽ വൈകിട്ട് ആറുവരെ മാത്രമേ സർവീസ് നടത്താവൂ
● അഴിമുഖത്ത് തോണി സർവീസ് നടത്തരുത്

