പയ്യോളിയിൽ നിന്നും ട്രഷറി ഓഫീസ് സ്ഥലം മാറ്റുന്നതിനെതിരെ കെ.എസ്.എസ്.പി.യു. പ്രക്ഷോഭ രംഗത്ത്
മുനിസിപ്പൽ ചെയർമാൻ ഷഫീഖ് വടക്കെയിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു

പയ്യോളി: തിക്കോടി, പയ്യോളി, തുറയൂർ, മണിയൂർ, മേപ്പയൂർ തുടങ്ങി നാലഞ്ചു പഞ്ചായത്തുകളുടെ ഹൃദയഭാഗമായ പയ്യോളി ടൗണിലാണ് സബ് ട്രഷറി ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. എന്നാലത് ബാഹ്യ സമ്മർദ്ദങ്ങളുടെ ഫലമായി ആൾക്കാർക്ക് എത്തിപ്പെടാൻ ഏറെ അസൗകര്യങ്ങളുള്ള മണിയൂർ ഭാഗത്തേക്ക് മാറ്റാൻ നീക്കങ്ങൾ നടക്കുന്നു എന്ന് ആധികാരികമായ വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എതിർപ്പിന്റെ തീപ്പന്തവുമായി കെ.എസ്.എസ്.പി.യു. മേലടി ബ്ലോക്ക് കമ്മിറ്റി ട്രഷറി പരിസരത്ത് മാർച്ചും ധർണ്ണയും നടത്തിയത്.
മുനിസിപ്പൽ ചെയർമാൻ ഷഫീഖ് വടക്കെയിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ഭരണകൂടം നിരന്തരം ഇക്കാര്യത്തിൽ ഇടപെടുന്നുണ്ടെന്നും ഇനിയും കക്ഷി പ്രാദേശിക വ്യത്യാസമില്ലാതെ എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ട് പൂർവാധികം ശക്തിയിൽ ഇതിനുവേണ്ടി സഹകരിക്കുമെന്നും ചെയർമാൻ സൂചിപ്പിച്ചു.
കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. വി.പി. നാണു, എൻ.കെ. ബാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു. കെ.എം. കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു. ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും ആരംഭിച്ച പ്രകടനം ട്രഷറി പരിസരത്ത് സമാപിച്ചു.