തിരുവങ്ങായൂർ ക്ഷേത്ര കുള നവീകരണത്തിന് കർമ്മപദ്ധതി
നവീകരണ സമിതി രൂപീകരിച്ചു.

കാരയാട്: തിരുവങ്ങായൂർ മഹാശിവക്ഷേത്രത്തിലെ ക്ഷേത്രകുളത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ക്ഷേത്ര പരിപാലന സമിതിയുടെ നേതൃത്ത്വത്തിൽ നവീകരണ സമിതിക്ക് രൂപം നൽകി.
നൂറ്റാണ്ടുകൾ പഴക്കമുള്ള കുളം അനുദിനം നാശോന്മുഖമായി കൊണ്ടിരിക്കുകയാണ്. ഇവിടെയാണ് ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവ സമയത്ത് കുളിച്ചാറാട്ട് ചടങ്ങ് നടക്കുന്നത്. നിരവധി പ്രദേശവാസികൾ അലക്കാനും കുളിക്കാനും ആശ്രയിക്കുന്നത് ഈ ജലാശയത്തെയാണ്. ഈ ജല സ്രോതസ്സിനെ സംരക്ഷിച്ച് പ്രൗഡിയോടെ വരും തലമുറയ്ക്ക് കൈമാറേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമായി കണ്ടു കൊണ്ടാണ് നാട്ടുകാർ നവീകരണ ത്തിനായി ഒരുങ്ങുന്നത്.
ഒരു വർഷം നീണ്ടു നിൽക്കുന്ന കർമ്മ പദ്ധതിയുമായി മുന്നോട്ട് പോകാനും നാട്ടുകാരുടെ സഹകരണത്തോടെ പദ്ധതി വൻ വിജയമാക്കുവാനും യോഗം തീരുമാനിച്ചു. 101 അംഗ ജനറൽ ബോഡിയിൽ നിന്നും 21 അംഗ എക്സിക്യുട്ടീവ് കമ്മറ്റിയെ തെരെഞ്ഞെടുത്തു.
കെ മുരളീധരൻ എം പി, ടി പി രാമകൃഷ്ണൻ എം എൽ എ, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ എംസുഗതൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഭിനീഷ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി രജനി, ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി കരുണാകരൻ എന്നിവർ രക്ഷാധികാരികളായി.ഭാരവാഹി കളായി സി രാമദാസ് (ചെയർമാൻ), പി ടി രാജൻ (കൺവീനർ), ടി എ ശിവദാസ് (ട്രഷറർ), കെ എം ഉണ്ണി, സ്വാമിദാസ് (വൈസ് ചെയർമാൻമാർ) കെ പി രാജീവൻ, താവന ചന്ദ്രൻ (ജോയിന്റ് കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
ഫണ്ട് ശേഖരണ ഉദ്ഘാടനം ജൂൺ 25 ന് ഞായറാഴ്ച ആദ്യ ഫണ്ട് ടി മുത്തുകൃഷ്ണനിൽ നിന്നും സ്വീകരിച്ചു കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എം സുഗതൻ നിർവ്വഹിക്കും.