കുറ്റ്യാടിയിൽ സ്കൂൾ ചുറ്റുമതിൽ ഇടിഞ്ഞ് കാറിന് മുകളിൽ പതിച്ചു
ചൊവ്വ രാവിലെയാണ് സംഭവം.
കുറ്റ്യാടി:കെ.ഇ.ടി പബ്ലിക് സ്‌കൂൾ ചുറ്റുമതിൽ ഇടിഞ്ഞ് കാറിനുമുകളിൽ പതിച്ചു. പൂർണമായും തകർന്ന കാറിലുണ്ടായിരുന്ന നാലുവയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വ രാവിലെയാണ് സംഭവം.മറ്റു രണ്ടുകുട്ടികളെ സ്‌കൂളിൽ വിട്ടശേഷം നാലുവയസ്സുകാരനെ കാറിലിരുത്തി പിതാവ് പുറത്തിറങ്ങി ഫോൺ ചെയ്യുകയായിരുന്നു.
ഈ സമയം വളരെ ഉയരത്തിലുള്ള മതിലിടിഞ്ഞ് കാറിനുമുകളിലേക്ക് പതിച്ചു. കാറിനുള്ളിൽ കുടുങ്ങിയ കുട്ടിയെ പിതാവ് ഓടിച്ചെന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
സംഭവസമയം മതിലിനുസമീപം മറ്റ് കുട്ടികളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. മണ്ണുമാന്തിയുടെ സഹായത്തോടെ കല്ലുകൾ നീക്കി നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.

