കോഴിക്കോടിനെ പൂർണ വലിച്ചെറിയൽമുക്ത ജില്ലയാക്കാൻ കർമപദ്ധതി
അജൈവ മാലിന്യ വാതിൽപ്പടി ശേഖരണം 100 ശതമാനമെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് പ്രവർത്തനങ്ങൾ.
കോഴിക്കോട്:പൊതുഇടങ്ങളിൽ മാലിന്യമില്ലാത്ത ജില്ലയാവാനൊരുങ്ങി കോഴിക്കോട്. ആദ്യപടിയായി സമ്പൂർണ വലിച്ചെറിയൽ മുക്ത ജില്ല എന്ന പദവിയാണ് കൈവരിക്കുക. ഏകോപന സമിതിയുടെയും വിപുലീകൃത ജില്ലാ ക്യാമ്പയിൻ സെക്രട്ടറിയറ്റിന്റെയും യോഗത്തിൽ ഇതിനുള്ള വിപുലമായ കർമപദ്ധതി രൂപീകരിച്ചു.
അജൈവ മാലിന്യ വാതിൽപ്പടി ശേഖരണം 100 ശതമാനമെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് പ്രവർത്തനങ്ങൾ. Lഹരിതസഭ റിപ്പോർട്ടിൽ രണ്ട് നഗരസഭകളിലും 19 പഞ്ചായത്തുകളിലും അജൈവ മാലിന്യ വാതിൽപ്പടി ശേഖരണം 15 ശതമാനത്തിൽ താഴെയാണ്. ഇവിടെ ജില്ലാ സംഘം സന്ദർശിച്ച് പ്രവർത്തനം വേഗത്തിലാക്കാൻ ഇടപ്പെട്ടിട്ടുണ്ട്.
15 മുതൽ 80 ശതമാനം വരെ വാതിൽപടി ശേഖരണം നടത്തുന്ന 30 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ഇത് 100 ശതമാനമാക്കാൻ ബ്ലോക്ക് –- നഗരസഭകളിൽ 11 മുതൽ 14 വരെ ജില്ലാ സെക്രട്ടറിയറ്റ് ക്യാമ്പയിൻ ടീം ചർച്ചകൾ നടത്തും.
എല്ലാ പ്രാദേശിക ബോർഡുകളിലും 16നകം സോഷ്യൽ ഓഡിറ്റിങ് പൂർത്തിയാക്കണം. ഓഫീസുകളും വിദ്യാലയങ്ങളും പൊതു സ്ഥാപനങ്ങളും പൊതു ഇടങ്ങളും ജലസ്രോതസ്സുകളും മാലിന്യമുക്തമാക്കൽ, വീടുകളിൽനിന്നും കച്ചവട സ്ഥാപനങ്ങളിൽനിന്നും അജൈവ മാലിന്യം കൈമാറി യൂസർ ഫീ ശേഖരിക്കൽ തുടങ്ങിയവ ഉൾപ്പെടുന്നതാണ് കർമപദ്ധതി.
യോഗത്തിൽ തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ പി ടി പ്രസാദ്, മാലിന്യമുക്തം നവകേരളം കോ ഓർഡിനേറ്റർ മണലിൽ മോഹനൻ, ശുചിത്വമിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ രാധാകൃഷ്ണൻ, കില ജില്ലാ ഫെസിലിറ്റേറ്റർ പി ജി പ്രമോദ് കുമാർ, കെഎസ്ഡബ്ലിയു എം പി സോഷ്യൽ എക്സ്പർട്ട് എ ജാനറ്റ്, എൽഎസ്ജിഡി സൂപ്രണ്ട് പ്രകാശൻ എന്നിവർ സംസാരിച്ചു.

