ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാൻ കൊയിലാണ്ടി സ്വദേശികളും
സെപ്തംബർ 22 മുതൽ ഒക്ടോബർ രണ്ടുവരെ മലേഷ്യയിലെ പെറ്റലിങ്ജോയിൽ വച്ചാണ് ലോക ചാമ്പ്യൻഷിപ്പ് നടത്തുന്നത്.

കൊയിലാണ്ടി:സെപ്തംബറിൽ മലേഷ്യയിൽ ആരംഭിക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിനൊരുങ്ങി കൊയിലാണ്ടി സ്വദേശികളായ അച്ഛനും മകനും. ബംഗളൂരുവിലെ ഐ.ടി കമ്പനി ജീവനക്കാരനായ വിമൽ ഗോപിനാഥും മകൻ വസിഷ്ഠുമാണ് ലോക കായിക മത്സരത്തിൽ പങ്കെടുക്കുന്നത്.
ബംഗളൂരുവിലെ ലോവിസ് കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനിയറാണ് വിമൽ. ബംഗളൂരുവിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിയാണ് വസിഷ്ഠ്. ഇവർ കർണാടകത്തിൽനിന്നാണ് ലോക മത്സരത്തിലേക്ക് യോഗ്യത നേടിയത്. ഇന്റർനാഷണൽ ആം റസലിങ് ഫെഡറേഷനും ബോർഡ് ഓഫ് കൺട്രോൾ ഫോർ ആം റസലിങ് ഇൻ ഇന്ത്യയും (ബിസിഎഐ) ചേർന്നാണ് സെപ്തംബർ 22 മുതൽ ഒക്ടോബർ രണ്ടുവരെ മലേഷ്യയിലെ പെറ്റലിങ്ജോയിൽ ലോക ചാമ്പ്യൻഷിപ്പ് നടത്തുന്നത്
. 38 രാജ്യങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട താരങ്ങളാണ് ഇവിടെ മത്സരിക്കുക. 86 കിലോഗ്രാം മാസ്റ്റർ വിഭാഗത്തിൽ ദേശീയ മത്സരത്തിൽ സ്വർണം നേടിയാണ് വിമൽ ഗോപിനാഥ് ലോക മത്സരത്തിലേക്കെത്തിയത്. വസിഷ്ഠ് ജൂനിയർ 63 കിലോ വിഭാഗത്തിൽ (വലതുകൈ) സ്വർണം നേടി ദേശീയ ചാമ്പ്യനായി.
സ്കൂൾ പഠനകാലത്താണ് വിമലിന് പഞ്ചഗുസ്തിയോട് ആദ്യമായി താൽപ്പര്യം തോന്നിയത്. അച്ഛന്റെ സഹായത്താൽ ബോഡി ബിൽഡിങ് ആരംഭിച്ചു. 2022ൽ കർണാടക ചാമ്പ്യനായി മാറിയ വിമൽ കഴിഞ്ഞ വർഷം ഗോവയിൽ നടന്ന ദേശീയ മത്സരത്തിൽ വലതുകൈ വിഭാഗത്തിൽ സ്വർണവും ഇടതുകൈ വിഭാഗത്തിൽ വെങ്കലവും നേടി ദേശീയരംഗത്ത് ശ്രദ്ധിക്കപ്പെട്ടു.
അച്ഛനിൽനിന്ന് പരിശീലനം നേടിയ വസിഷ്ഠും മത്സരരംഗത്തേക്ക് വന്നു. ബംഗളൂരുവിലായിരുന്നു ദേശീയതല മത്സരം. ബിസിഎഐ ജനറൽ സെക്രട്ടറിയായും വിമൽ ഗോപിനാഥ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.