മേപ്പയൂർ ഗ്രാമ പഞ്ചായത്തിൽ ജൽജീവൻ പ്രവൃത്തിക്ക് തുടക്കമായി
ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: ഗ്രാമീണ മേഖലയിലുളള എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാകുന്നതിന് കേന്ദ്ര - സംസ്ഥാന സർക്കാറുകൾ ഗ്രാമ പഞ്ചായത്തിന്റെയും ഗുണഭോക്താക്കളുടെയും സഹായത്തോടെ നടപ്പിലാക്കുന്ന ജൽജീവൻ പദ്ധതിയുടെ മേപ്പയൂർ പഞ്ചായത്തിലെ പ്രവൃത്തി ഉദ്ഘാടനം ടി.പി. രാമകൃഷ്ണൻ എം.എൽ.എ. നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ അധ്യക്ഷത വഹിച്ചു. വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനിയർ എ. ആരുൺ കുമാർ, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ വി. സുനിൽ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, സോഷ്യോ ഇക്ണോമിക്ക് യൂനിറ്റ് ഫൗണ്ടേഷൻ പ്രതിനിധി കെ.രാധാകൃഷ്ണൻ, പി.പി. രാധാകൃഷ്ണൻ, ഇ. മുഹമ്മദ് ബഷീർ, ഫൈസൽ ചാവട്ട്, സുനിൽ ഓടയിൽ. എം.കെ. രാമചന്ദ്രൻ, മധു പുഴയരികത്ത്, മേലാട്ട് നാരായണൻ, പഞ്ചായത്ത് സെക്രട്ടരി എസ്. മനു എന്നിവർ പ്രസംഗിച്ചു.
39 കോടി 16 ലക്ഷം രൂപയുടെ പ്രവൃത്തി നടത്തുന്നത് മിഡ്ലാൻഡ് എഞ്ചിനിയറിങ് ആൻ്റ് കോൺട്രാക്ടേഴ്സ് കമ്പനിയാണ്. 15 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതലസംഭരണി നിർമ്മിക്കുകയും നിലവിലുള്ള 5 ലക്ഷം ശേഷിയുള്ള ഭൂതലസംഭരണി നവീകരിച്ച് ബൂസ്റ്റർ ടാങ്ക് നിർമ്മിക്കുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി 208 കിലോമീറ്റർ ദൈർഘ്യത്തിൽ പൈപ്പുകൾ സ്ഥാപിച്ച് 6652 വീടുകൾക് വാട്ടർ കണക്ഷൻ നൽകുന്നതാണ്. ബൂസ്റ്റർ സ്റ്റേഷനിൽ നിന്നും പുതിയതായി നിർമ്മിക്കുന്ന ഭൂതലസംഭരണിയിലേക്ക് പൈപ്പുകൾ സ്ഥാപിക്കുന്നതിനും പൈപ്പ് ലൈൻ സ്ഥാപിക്കുമ്പോൾ കേടുവരുന്ന റോഡുകൾ പുനരുദ്ധരിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. പെരുവണ്ണാമൂഴിയിൽ നിർമ്മിക്കുന്ന ശുദ്ധീകരണ ശാലയിൽ നിന്നാണ് വെള്ളമെത്തിക്കുന്നത്. 2024 ൽ പദ്ധതി കമ്മിഷൻ ചെയ്യും.