പത്രപ്രവർത്തനത്തിന്റെ അരനൂറ്റാണ്ട് പിന്നിടുന്ന സി.എ.റഹ്മാനെ ഇന്ന് ആദരിക്കും
1967 കാലത്താണ് റഹ്മാൻ പത്രപ്രവർത്തനം തുടങ്ങിയത്.

നന്തി:നാരങ്ങോളിക്കുളം സ്വദേശി സി .എ. റഹ്മാന്റെ പത്രപ്രവർത്തന ത്തിന് 55 വർഷത്തെ കരുത്ത് .ചന്ദ്രിക പ്രസ്സിൽ പത്രം കല്ലിൽ അച്ചു ചെയ്ത്, ഈയം ഉരുക്കി പ്രിൻറ് ചെയ്യുന്ന 1967 കാലത്താണ് റഹ്മാൻ പത്രപ്രവർത്തനം തുടങ്ങിയത്. നാട്ടിനോടും നാട്ടുകാരോടും ഇഴുകിച്ചേർന്ന വ്യത്യസ്തനായ ഒരു പത്ര പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. മുസ്ലിംലീഗിന്റെ സംഘടനാ പ്രവർത്തനത്തിലൂടെയാണ് റഹ്മാൻ പത്രപ്രവർത്തന രംഗത്ത് കടക്കുന്നത്.
അന്നത്തെ ചന്ദ്രിക എഡിറ്റർ ആയ വി.സി അബൂബക്കർ സാഹിബ് ആണ് ആദ്യമായി റിപ്പോർട്ടർ കാർഡ് അദ്ദേഹത്തിന് നൽകുന്നത്.5 രൂപ അലവൻസ് ആയി വാങ്ങി ആരംഭിച്ച പത്ര പ്രവർത്തനം 55 വർഷം പിന്നിടുമ്പോഴും തളരാതെ മുന്നോട്ടു പോകുന്നത് അതിശയകരമായ ഒരു കാര്യമാണ്.
കോടിക്കൽ ഞെട്ടിക്കര പാലത്തെ വഴി സംബന്ധിച്ചുള്ള ഒരു പ്രാദേശിക പ്രശ്നമായിരുന്നു ആദ്യമായി ചന്ദ്രികയിൽ കൊടുത്ത വാർത്ത. അന്നത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറയിൽ എടുത്ത ഫോട്ടോ കൊയിലാണ്ടിയിലെ സ്റ്റുഡിയോ യിൽ പോയി ഒരു ദിവസം കാത്തുനിന്ന് പ്രിന്റെടുത്ത്, കോഴിക്കോട്ടെ ചന്ദ്രിക ഓഫീസിൽ കൊടുക്കുക എന്നത് ഏറെ പ്രയാസകരമായ സ്ഥിതിയായിരുന്നു അന്നുണ്ടായിരുന്നത്. തിക്കോടി, വൻമുഖം, കടലൂർ ദേശങ്ങളിലെ നിരവധി സാമൂഹ്യ പ്രശ്നങ്ങൾ പത്ര റിപ്പോർട്ടിലൂടെ അധികാരികൾക്ക് മുമ്പിൽ എത്തിക്കാനും പരിഹാര വഴി തുറപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
പത്ര പ്രവർത്തനത്തോടൊപ്പം അറിയപ്പെടുന്ന ഒരു സാമൂഹിക പ്രവർത്തകൻ കൂടിയാണ് അദ്ദേഹം. അർഹരായവർക്ക് പെൻഷൻ, സർക്കാർ സഹായങ്ങൾ, നോർക്ക യുടെ വിവിധ സംവിധാനങ്ങൾ എന്നിവ സമയബന്ധിതമായി എത്തിച്ചു കൊടുക്കൽ അദ്ദേഹത്തിന്റെ ഒരു ശീലമായി രുന്നു.പ്രഥമ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മൂടാടി പഞ്ചായ ത്തിലെ എട്ടു വാർഡുകളിൽ തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ചത് റഹ്മാനായിരുന്നു. അന്നത്തെ ലീഗ് നേതാവ് പി വി .മുഹമ്മദ് സാഹിബ് ആണ് റഹ്മാന്റെ മികവ് കണ്ട് പ്രവർത്തന ചുമതല സ്വമനസ്സാലെ ഏൽപ്പിച്ചത്.
പഞ്ചായത്തിന്റെ കിഴക്കൻ മേഖലയായ മുചുകുന്ന് വരെ അദ്ദേഹം സൈക്കിളിൽ സഞ്ചരിച്ച് പ്രചരണം നടത്തിയത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നുബഹ്റൈനിൽ ചന്ദ്രിക റീഡേഴ്സ് ഫോറം സ്ഥാപകനായും കെഎംസിസി ഭാരവാഹിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ചന്ദ്രികയുടെ നന്തീഭാഗം റിപ്പോർട്ടർ ആയി 55 വർഷം പിന്നിടുന്ന സി എ റഹ്മാനെ ഇന്ന് ( ജൂലൈ 20 )ന് യൂത്ത് ലീഗ് ആദരിക്കും. മുസ്ലിം ലീഗ് ദേശീയ അസിസ്റ്റൻറ് സെക്രട്ടറി സി .കെ സുബൈർ മണ്ഡലം പ്രസിഡൻറ് വി .പി ഇബ്രാഹിംകുട്ടി തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും.