മഠത്തിൽ മുക്കിൽ ഇലക്ട്രിക് ലൈനിന് മുകളിൽ മരം വീണ് ഗതാഗത തടസ്സം നേരിട്ടു
ഇന്നലെ വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്

പേരാമ്പ്ര: പേരാമ്പ്ര ഹൈസ്കൂൾ റോഡിൽ മഠത്തിൽ മുക്കിൽ ട്രാൻസ്ഫോർമറിന് സമീപം ഇലക്ട്രിക് ലൈനിന് മുകളിലൂടെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് റോഡരികിലുള്ള പറമ്പിൽ നിന്നും വലിയ തേക്കുമരം ഇലക്ട്രിക് ലൈനിന് മുകളിലൂടെ വീണ് അപകടാവസ്ഥയിലായത്.
വിവരമറിയിച്ചതിനെ തുടർന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.ടി. റഫീക്കിന്റെ നേതൃത്വത്തിൽ പേരാമ്പ്ര അഗ്നിശമന നിലയത്തിൽ നിന്നും ഒരു യൂണിറ്റ് സ്ഥലത്തെത്തി ഒരു മണിക്കൂറിലേറെ പ്രയത്നിച്ചാണ് ഇലക്ട്രിക് ലൈനുകൾക്കും മറ്റ് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിക്കാതെ വിദഗ്ധമായി മരം മുറിച്ചുമാറ്റി ഗതാഗതം സാധാരണ നിലയിലാക്കിയത്.
അഗ്നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥരായ സിധീഷ്, സിജീഷ്, വിപിൻ, വിനീത് എന്നിവരും കെ.എസ്.ഇ.ബി. ജീവനക്കാരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.