കരിപ്പൂരിൽനിന്ന് പറന്നുപോങ്ങിയ വിമാനം രണ്ടര മണിക്കൂർ പറന്നശേഷം അടിയന്തിരമായി തിരിച്ചിറക്കി
യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.
കരിപ്പൂർ:വിമാനത്താവളത്തിൽനിന്ന് പറന്നുപൊങ്ങിയ ഒമാൻ എയർലൈൻസ് വിമാനം രണ്ടരമണിക്കൂർ പറന്നശേഷം സാങ്കേതിക തകരാറുകാരണം അടിയന്തരമായി തിരിച്ചിറക്കി. ചൊവ്വ രാവിലെ 9.05ന് കരിപ്പൂരിൽനിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട ഡബ്ല്യുയുവൈ 298 വിമാനമാണ് തിരിച്ചിറക്കിയത്.
യാത്രക്കാരെയും ബന്ധുക്കളെയും മുൾമുനയിൽ നിർത്തിയായിരുന്നു അടിയന്തര ലാന്‍ഡിങ്. വൈമാനികന്റെ സമയോചിതമായ ഇടപെടലാണ് വൻദുരന്തം ഒഴിവാക്കിയത്.
വിമാനത്തിന്റെ കാലാവസ്ഥാ റഡാറിൽവന്ന സാങ്കേതിക തകരാറാണ് തിരിച്ചിറക്കാൻ ഇടയാക്കിയത്.
കരിപ്പൂരിൽനിന്ന് പറന്ന് മിനിറ്റുകൾക്കകം കാലാവസ്ഥാ റഡാർ തകരാറിലായി. ഇത് ശ്രദ്ധിച്ച പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനോട് തിരിച്ചിറക്കാൻ അനുമതി ആവശ്യപ്പെട്ടു. എന്നാൽ ഇന്ധനഭാരം പെട്ടെന്ന് തിരിച്ചിറക്കുന്നതിന് തടസ്സമായി. ആറ് മണിക്കൂറോളം പറക്കാനുള്ള ഇന്ധനമാണ് വിമാനത്തിലുണ്ടായിരുന്നത്.
ഇതിൽ നാല് ടണ്ണോളം ഒഴിവാക്കി ഭാരം കുറച്ച് നിലത്തിറങ്ങാൻ എടിസി ടവർ ആവശ്യപ്പെട്ടു. തുടർന്ന് രണ്ടരമണിക്കൂറോളം ചുറ്റിത്തിരിഞ്ഞ വിമാനം ഇന്ധനശേഖരം കടലിലൊഴുക്കി. ഇന്ധനഭാരം കുറച്ചശേഷം വിമാനം 11.45ന് കരിപ്പൂരിൽ സുരക്ഷിതമായി തിരിച്ചിറക്കി. ഇതിനായി ഫയർഫോഴ്സും മറ്റ് സംവിധാനങ്ങളും കരിപ്പൂരിൽ സജ്ജമാക്കി നിർത്തിയിരുന്നു.
അടിയന്തര സാഹചര്യം നേരിടാൻ പ്രത്യേക സംവിധാനങ്ങളും ഒരുക്കി. 169 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. ഒമാൻ എയർവേയ്സിന്റെ സാങ്കേതിക വിദഗ്‌ധരെത്തി തകരാർ പരിഹരിച്ച് വിമാനം രാത്രി വൈകി മസ്കത്തിലേക്ക് പറന്നു.

