സ്കൂളുകളിൽ മാലിന്യ സംസ്കരണ സംവിധാനമൊരുക്കാൻ പദ്ധതി
സ്‌കൂളുകൾ വൃത്തിയാക്കാൻ കുടുംബശ്രീയുമായി ചേർന്ന് ശുചിത്വസേനയും രൂപീകരിക്കുന്നുണ്ട്.
കോഴിക്കോട്:ജില്ലയിലെ സ്‌കൂളുകളിൽ മാലിന്യ സംസ്‌കരണത്തിന് ആധുനിക സംവിധാനം ഒരുക്കാൻ ജില്ലാ പഞ്ചായത്ത് പദ്ധതി. ജൈവ-അജൈവ മാലിന്യം വേർതിരിച്ചാണ് സംസ്‌കരിക്കുക. ഇതിന്റെ ഭാഗമായി ആഗസ്‌ത് മൂന്നിന് സ്‌കൂൾ അധികൃതരുടെ യോഗം ചേരാൻ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു.
ഒരു കോടി രൂപയുടേതാണ് പദ്ധതി. മുനിസിപ്പാലിറ്റി, കോർപറേഷൻ പരിധിയിൽപ്പെടാത്ത സ്‌കൂളുകളിലാണ് സംവിധാനം വരിക. ഓരോ സ്‌കൂളിന്റെയും സാഹചര്യവും ആവശ്യവും പരിഗണിക്കും. ബയോഗ്യാസ് സംവിധാനം, തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്‌കരണ സംവിധാനം, പൈപ്പ് കമ്പോസ്‌റ്റ് തുടങ്ങിയവ സ്ഥാപിക്കും. വൃത്തി, പരിസര ശുചിത്വം തുടങ്ങിയവയിലൂടെ സ്‌കൂളുകൾക്ക് ടെൻ സ്‌റ്റാർ പദവി നൽകുകയാണ് ലക്ഷ്യം.
ഇതിനുപുറമെ സ്‌കൂളുകൾ വൃത്തിയാക്കാൻ കുടുംബശ്രീയുമായി ചേർന്ന് ശുചിത്വസേനയും രൂപീകരിക്കുന്നുണ്ട്. ഒരു ബ്ലോക്കിൽ വണ്ടി, ഉപകരണങ്ങൾ തുടങ്ങിയ സംവിധാനങ്ങളുമായി നാലുപേർ ചേർന്ന ഒരു സേനയുണ്ടാകും. ജില്ലാ പഞ്ചായത്തിനുകീഴിലെ സ്‌കൂളുകളിൽ സൗജന്യമാണ് സേവനം. ജില്ലാ പഞ്ചായത്ത് യോഗത്തിൽ പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി.
തെരുവുനായ വന്ധ്യംകരണത്തിനുള്ള എബിസി പദ്ധതി മൊബൈൽ യൂണിറ്റിന്റെ തുടർനടപടിക്കായി മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. എഡ്യുകെയർ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ, അധ്യാപകർ, ജില്ലാപഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ ഉൾപ്പെടെ 110 പേർ നടത്തുന്ന ‘ഗാന്ധിജിയുടെ ജീവിത വഴികളിലൂടെ’ പഠന പോഷണ യാത്രക്കായി സ്വകാര്യ ട്രാവൽ ആൻഡ് ടൂർസ് സ്ഥാപനത്തിന്റെ താൽപ്പര്യപത്രം അംഗീകരിക്കാനും തീരുമാനിച്ചു.

