തലയാട് കാവുംപുറത്ത് ആശുപത്രിമാലിന്യം തള്ളുന്നതായി പരാതി
പരാതി നൽകിയെങ്കിലും സംഭവസ്ഥലം സന്ദർശിച്ചതല്ലാതെ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു
തലയാട്: തലയാട് കാവുംപുറം തോട്ടിനടുത്ത സ്ഥലത്ത് ആശുപത്രിമാലിന്യം തള്ളുന്നത് പതിവാകുന്നു.
വലിയചാക്കുകളിൽ നിറച്ചാണ് മാലിന്യം ഇവിടെ തള്ളുന്നത്. മാലിന്യം തോട്ടിലെ വെള്ളത്തിൽ കലരുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.നാട്ടുകാർ ബാലുശ്ശേരി പോലീസ് സ്റ്റേഷനിലും പനങ്ങാട് പഞ്ചായത്തിലും ആരോഗ്യവകുപ്പിലും വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സംഭവസ്ഥലം സന്ദർശിച്ചതല്ലാതെ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
മാലിന്യചാക്കുകളുടെ മുകളിൽ സ്ഥാപനങ്ങളുടെ പേരും നമ്പറുകളും ഉണ്ടായിട്ടും ഇവർക്കെതിരേ അന്വേഷണം നടത്താനോ നടപടിയെടുക്കാനോ ഉദ്യോഗസ്ഥൻമാർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ഡെങ്കിപ്പനി, പകർച്ചപ്പനി തുടങ്ങിയ രോഗങ്ങൾ പലപ്പോഴും പടർന്നുപിടിക്കുന്ന പ്രദേശമാണിത്. മലമുകളിൽനിന്നും ഒഴുകിവരുന്ന വെള്ളമാണ് പലപ്പോഴും കുടിവെള്ളമായി ഉപയോഗപ്പെടുത്തുന്നത്. മാലിന്യം നീക്കംചെയ്യാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ പഞ്ചായത്ത് ഓഫീസിനുമുമ്പിൽ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറയുന്നു.

