ഓണപ്പരീക്ഷക്ക് മുമ്പേ തന്നെ പാഠപുസ്തകം രണ്ടാം വോള്യം കുട്ടികളിലേക്ക്
വെള്ളിമാടുകുന്ന് എൻജിഒ ക്വാർട്ടേഴ്സ് സ്കൂളിലെ ജില്ലാ വിതരണകേന്ദ്രത്തിലാണ് പുസ്തകങ്ങൾ സൂക്ഷിച്ചിരിക്കുന്നത്

കോഴിക്കോട് : ഓണാവധിക്ക് മുന്നേ പാഠപുസ്തകങ്ങളുടെ രണ്ടാം വോള്യം എത്തി. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ജില്ലയിലേക്ക് വേണ്ട 20 ലക്ഷം പുസ്തകങ്ങളിൽ എട്ടുലക്ഷം പുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികൾക്ക് കൈമാറി കഴിഞ്ഞു. അടുത്ത ആഴ്ചയോടെ മുഴുവൻ പുസ്തകവും എത്തുന്നതായിരിക്കും.
വെള്ളിമാടുകുന്ന് എൻജിഒ ക്വാർട്ടേഴ്സ് സ്കൂൾ പഴയ കെട്ടിടത്തിലെ ജില്ലാ വിതരണ കേന്ദ്രത്തിലാണ് പുസ്തകങ്ങൾ സൂക്ഷിക്കുന്നത്. ഇവിടെ നിന്നാണ് ജില്ലയിലെ 333 സ്കൂൾ സൊസൈറ്റികൾക്ക് പുസ്തകം വിതരണം ചെയ്യുക.
ജില്ലാ കുടുംബശ്രീ മിഷന് കീഴിലുള്ള 20 അംഗങ്ങളുള്ള സംഘമാണ് പുസ്തകങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി സൊസൈറ്റികളിൽ എത്തിക്കുക. എറണാകുളം കാക്കനാട്ടെ പാഠപുസ്തക ഡിപ്പോയിൽനിന്ന് ദിവസവും പാഠ പുസ്തകവുമായി ലോറി എത്തുന്നുണ്ട്.