കൂട്ടംചേർന്ന് ആക്രമിക്കാൻ വന്ന തെരുവുനായകളിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പെൺകുട്ടി
വടകര മാർക്കറ്റ് റോഡ് കേരള ക്വയറിനു സമീപത്തുവെച്ചാണ് സംഭവം

വടകര : കൂട്ടംചേർന്ന് ആക്രമിക്കാൻ വന്ന തെരുവുനായകളിൽ നിന്ന് നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് റന ഫാത്തിമ. വടകര മാർക്കറ്റ് റോഡ് കേരള ക്വയറിനു സമീപത്തുവെച്ചാണ് സംസം ഹൗസിൽ നൗഫലിന്റെ മകളായ റന ഫാത്തിമയെ നായകൾ ആക്രമിക്കാൻ ശ്രമിച്ചത്.ബി.ഇ.എം.എം. സ്കൂൾ ഏഴാംക്ലാസ് വിദ്യാർഥിനിയാണ് റന .
കൂട്ടത്തോടെയെത്തിയ നായകൾ കുട്ടിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സംഭവത്തിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവത്തിന്റെ ഭീകരത പുറത്തറിഞ്ഞത്. സമീപത്തെ കടകളിലുണ്ടായിരുന്നവർ പെട്ടെന്നെത്തി നായക്കൂട്ടത്തെ ഓടിച്ചതുകൊണ്ടാണ് പെൺകുട്ടി രക്ഷപ്പെട്ടത്. സംഭവത്തിനുശേഷം നായകളുടെ കുര കേട്ടാൽപോലും റന ഭയക്കുകയാണ്.
വടകരനഗരത്തിൽ തെരുവുനായശല്യം രൂക്ഷമാണ്. കഴിഞ്ഞമാസം ഒട്ടേറെപ്പേരെ നായ ആക്രമിച്ചിരുന്നു പകൽ സമയത്ത് ടൗണിൽ നായകൾ വിലസുകയാണ്. മുനിസിപ്പൽ പാർക്ക് റോഡ് , മാർക്കറ്റ് റോഡ്, ലിങ്ക് റോഡ് നാരായണനഗരം , റയിൽവേ സ്റ്റേഷൻ പരിസരം, ജില്ലാ ആശുപത്രിക്ക് സമീപം, പുതിയസ്റ്റാൻഡ്, അടയ്ക്കാത്തെരു തുടങ്ങിയ ഭാഗങ്ങളിലെല്ലാം നായശല്യം വ്യാപകമാണ്.