ഒഴുക്കിൽപ്പെട്ട വിദ്യാർഥിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
ഇരുവഞ്ഞിപ്പുഴയിലെ മുക്കം കടവിൽ ഒഴുക്കിൽപ്പെട്ട മിഥിലാജിനെയാണ് (17) അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയത്
മുക്കം : ഇരുവഞ്ഞിപ്പുഴയിലെ മുക്കം കടവിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയെ മുക്കം അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. മങ്ങാട് ദാറുൽ അമാൻ സ്കൂളിലെ പ്ല വിദ്യാർഥിയും പാലക്കാട് മണ്ണാർക്കാട് സ്വദേശി മുജീബ് അഹ്സനാന്റെ മകനുമായ മിഥിലാജിനെയാണ് (17) അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയത്. വെൻറ് പൈപ്പ് പാലത്തിന് സമീപം കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതാനു മിഥിലാജ് ഞായറാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം.
ഉടനെ സി.പി.ആർ. നൽകി മിഥിലാജിനെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണംചെയ്തിട്ടുണ്ട് . വിദ്യാർഥി തീവ്രപരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
മുക്കം അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ എം.എ. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിൽ നടത്തി വിദ്യാർഥിയെ രക്ഷിച്ചത്. ഫയർ ആൻഡ് റെസ്ക്യു സ്കൂബ ടീമംഗം ആർ. മിഥുനാണ് മുങ്ങിയെടുത്തത്. അസി. സ്റ്റേഷൻ ഓഫീസർ ഗ്രേഡ് എം.സി. മനോജ്, പയസ് അഗസ്റ്റിൻ, ഫയർ ഓഫീസർമാരായ പി. ബിനീഷ്, കെ.സി. അബ്ദുസലീം, ഒ. അബ്ദുൽജലീൽ, വൈ.പി. ഷറഫുദ്ദീൻ, കെ.ടി. സാലിഹ്, ചാക്കോ ജോസഫ്, ജോളി ഫിലിപ്പ്, വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം

