ഓണാഘോഷത്തിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ വീർപ്പുമുട്ടി
തോണിക്കടവ്, കരിയാത്തുംപാറ, കക്കയം, പെരുവണ്ണാമൂഴി, തുഷാരഗിരി എന്നിവിടങ്ങളിലെല്ലാം ജനം ഒഴുകിയെത്തി
പേരാമ്പ്ര : വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഓണാഘോഷത്തിനായി എത്തിയ ജനങ്ങളുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. തോണിക്കടവ്, കരിയാത്തുംപാറ, കക്കയം, പെരുവണ്ണാമൂഴി, തുഷാരഗിരി എന്നിവിടങ്ങളിലെല്ലാം ജനം ഒഴുകിയെത്തി.
കുറ്റ്യാടി ജലസേചനപദ്ധതി റിസർവോയറിലെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തിയത് ആയിരങ്ങളാണ്. പാർക്കിങ് സൗകര്യമില്ലാത്തതിനാൽ തോണിക്കടവ് കരിയാത്തുംപാറ റോഡിൽ ഒന്നരക്കിലോമീറ്ററോളം ദൂരത്തിൽ ഗതാഗതക്കുരുക്കായിരുന്നു.വാഹനം വളരെ ദൂരെനിർത്തി സഞ്ചാരികൾക്ക് നടന്നുവരേണ്ടിവന്നു. പാർക്കിങ്ങിന് കുറച്ചുസ്ഥലം മാത്രമാണ് കരിയാത്തുംപാറയിലുള്ളത്.
സന്ദർശകർ വാഹനങ്ങൾ വീതികുറഞ്ഞ റോഡിന്റെ ഇരുഭാഗങ്ങളിലും നിർത്തിയിടുന്നതോടെ ഗതാഗതക്കുരുക്കാവും. തോണിക്കടവ് ടൂറിസം കേന്ദ്രം കൂടി വന്നതോടെ ഇവിടേക്കുള്ള തിരക്കുമേറി. കക്കയം ഡാം സൈറ്റിലേക്കും ഉരക്കുഴി വെള്ളച്ചാട്ടം കാണാനും ഒട്ടേറെപ്പേരെത്തി.
പെരുവണ്ണാമൂഴി ഡാം റിസർവോയറിൽ നാലുമാസത്തോളമായി നിർത്തിവെച്ചിരുന്ന ബോട്ടിങ് പുനരാരംഭിച്ചതോടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സപ്പോർട്ട് ഡാം നിർമാണത്തിന്റെ ഭാഗമായി ഡാമിനുമുകളിലേക്ക് മാസങ്ങളായി പ്രവേശനമനുവദിച്ചിരുന്നില്ല. അവധിക്കാലം കണക്കിലെടുത്ത് കഴിഞ്ഞദിവസം ഇവിടേക്കും സഞ്ചാരികളെ പ്രവേശിപ്പിച്ചിരുന്നു.

