നേതാവെന്ന് പറയുന്നത് നോട്ടീസിലോ പോസ്റ്ററിലോ വലതുഭാഗത്ത് എഴുതുന്ന സ്ഥാനപ്പേരല്ല -എം.വി. ഗോവിന്ദൻ.
സി.പി.എം. മുൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.വി. ദക്ഷിണാമൂർത്തി അനുസ്മരണ സമ്മേളനം പാലേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

പേരാമ്പ്ര : നേതാവെന്ന് പറയുന്നത് നോട്ടീസിലോ പോസ്റ്ററിലോ വലതുഭാഗത്ത് എഴുതുന്ന സ്ഥാനപ്പേരല്ലെന്നും അപരനുവേണ്ടി നടത്തുന്ന ത്യാഗപൂർണമായ പ്രവർത്തനത്തിലൂടെ ജനമനസ്സിൽ രൂപംകൊള്ളുന്ന അവബോധമാണെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. സി.പി.എം. മുൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.വി. ദക്ഷിണാമൂർത്തി അനുസ്മരണസമ്മേളനം പാലേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ.എം.എസിനോ എ.കെ.ജി.ക്കോ സ്ഥാനപ്പേര് വേണ്ടതില്ലായിരുന്നു. ജനമനസ്സിലായിരുന്നു അവരുടെ സ്ഥാനം. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം സി.പി.എം. പാർട്ടി കോൺഗ്രസ് ചർച്ചചെയ്ത് പുറത്തിറക്കിയ പ്രത്യയശാസ്ത്ര പ്രശ്നങ്ങളെക്കുറിച്ചുള്ള രേഖയിൽ നേതാവ് എന്താണെന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
സ്വാഗതസംഘം ചെയർമാൻ കെ.വി. കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. ടി.പി. രാമകൃഷ്ണൻ എം.എൽ.എ., സി.പി.എം. ജില്ലാ സെക്രട്ടറി പി.മോഹനൻ, ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മദ്, കെ. കുഞ്ഞമ്മദ്, എ.കെ. പത്മനാഭൻ, എസ്.കെ. സജീഷ്, എ.കെ. ബാലൻ, എൻ.പി. ബാബു, പി.എസ്. പ്രവീൺ തുടങ്ങിയവർ സംസാരിച്ചു. സുരക്ഷ പാലിയേറ്റീവിനുള്ള വാഹനത്തിന്റെ താക്കോൽ കൈമാറലും എം.വി. ഗോവിന്ദൻ നിർവഹിച്ചു. ഗസൽഗാനവിരുന്നുമുണ്ടായി. പാലേരിയിൽ പ്രകടനവും നടന്നു.