പൂനൂർപ്പുഴയെ വീണ്ടെടുക്കാൻ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാവശ്യം; കളക്ടർക്ക് നിവേദനം നൽകി
സേവ് പൂനൂർപ്പുഴ ഫോറം പ്രസിഡന്റ് പി.എച്ച്. താഹ, ജനറൽ സെക്രട്ടറി അഡ്വ. കെ. പുഷ്പാംഗദൻ എന്നിവരാണ് നിവേദനം നൽകിയത്

കൊടുവള്ളി : പൂനൂർപ്പുഴയെ വീണ്ടെടുക്കാൻ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സേവ് പൂനൂർപ്പുഴ ഫോറം. ഇതിൻ്റെ ഭാഗമായി സർവേ നടത്തി അതിർത്തി നിർണയിക്കണമെന്നാവശ്യപ്പെട്ട് സേവ് പൂനൂർപ്പുഴ ഫോറം കളക്ടർക്ക് നിവേദനം നൽകി. ഫോറം പ്രസിഡന്റ് പി.എച്ച്. താഹ, ജനറൽ സെക്രട്ടറി അഡ്വ. കെ. പുഷ്പാംഗദൻ എന്നിവരാണ് നിവേദനം നൽകിയത്.
പുഴയിലേക്ക് കക്കൂസ്മാലിന്യമടക്കം തള്ളുകയും ഹോട്ടലുകളിൽനിന്നും വീടുകളിൽനിന്നും മലിനജലം ഓവുചാൽ വഴി ഒഴുക്കുകയും ചെയ്യുന്നതും പതിവാണ്. എന്നാൽ, നടപടിയെടുക്കേണ്ടവർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.
പുഴകൈയേറ്റങ്ങൾ സംബന്ധിച്ച് ഒട്ടേറെ പരാതികൾ മുമ്പും നൽകിയിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. 58 കിലോമീറ്റർ വരുന്ന പൂനൂർപ്പുഴ സർവേ നടത്തി മുഴുവൻ സർക്കാർഭൂമിയും തിരിച്ചുപിടിക്കുമെന്ന് മുൻ കളക്ടർമാരെല്ലാം ഉറപ്പുനൽകിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്നാണ് ഫോറം ഭാരവാഹികൾ പറയുന്നത്.
മടവൂർ പഞ്ചായത്തിലെ പുറ്റാൾക്കടവിലെ കളിസ്ഥലം നിർമാണം പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്നതായും പുഴയുടെ സ്വാഭാവിക ഒഴുക്കിനെപ്പോലും തടസ്സപ്പെടുത്തിയിരിക്കുകയാണെന്നും ഫോറം ഭാരവാഹികൾ പറഞ്ഞു. കൈയേറ്റം മൂലം പുഴ ഒഴുകാൻ ഇടമില്ലാത്ത വിധം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതുകാരണം മഴക്കാലത്ത് വെള്ളപ്പൊക്കംമൂലം ജനങ്ങൾ ഏറെ ദുരിതമാണ് അനുഭവിക്കുന്നത്.