റെയിൽവേ മേൽപ്പാലം പദ്ധതികൾ ; മേൽപ്പാലങ്ങളുടെ നിർമാണത്തിന്റെ മുന്നോടിയായുള്ള പ്രവർത്തനങ്ങൾ നിലച്ചു
സംസ്ഥാന സർക്കാർ തിരുവനന്തപുരം-കാസർകോട് കെ-റെയിൽ പദ്ധതി പ്രഖ്യാപിച്ചതോടെയാണ് ഇത്

കൊയിലാണ്ടി: മുചുകുന്ന്-ആനക്കുളം, കൊല്ലം നെല്യാടിക്കടവ്, പയ്യോളി രണ്ടാംഗേറ്റ്, ഇരിങ്ങൽ-കോട്ടക്കൽ എന്നിവിടങ്ങളിലെ റെയിൽവേ ഗേറ്റുകൾ ഒഴിവാക്കി മേൽപ്പാലം നിർമിക്കാനുള്ള പദ്ധതികൾ മുന്നോട്ട് നീങ്ങുന്നില്ല. കിഫ്ബി ബോർഡ് അംഗീകാരം നൽകുകയും ഫണ്ട് അനുവദിക്കുകയും ചെയ്ത മേൽപ്പാലം പദ്ധതികളാണിത്.
സംസ്ഥാന സർക്കാർ തിരുവനന്തപുരം-കാസർകോട് കെ-റെയിൽ പദ്ധതി പ്രഖ്യാപിച്ചതോടെയാണ് കെ-റെയിൽ കടന്നുപോകാൻ സാധ്യതയുള്ള സ്ഥലത്തുകൂടിയായിരുന്നു ഈ മേൽപ്പാലങ്ങളുടെ അലൈൻമെന്റും തയ്യാറാക്കിയിരുന്നത്. കെ-റെയിൽ പദ്ധതി സർക്കാർ പൂർണമായി ഉപേക്ഷിക്കാത്തതിനെ തുടർന്ന് ഈ മേൽപ്പാലങ്ങളുടെ നിർമാണം എന്ന് തുടങ്ങാൻ കഴിയുമെന്നുപോലും പറയാനാവില്ല.
കെ-റെയിൽ പദ്ധതികൂടി കണക്കിലെടുത്ത് ഈ മേൽപ്പാലങ്ങൾക്ക് പുതിയ അലൈൻമെന്റ് തയ്യാറാക്കുക എന്നതാണ് മറ്റൊരു പോംവഴി. എന്നാൽമാത്രമേ ഈ ആർ.ഒ.ബി. പദ്ധതികൾക്ക് വീണ്ടും ജീവൻ വെക്കുകയുള്ളൂ. കെ-റെയിൽ പദ്ധതിയിൽ തീരുമാനം ഉണ്ടാകുന്നതുവരെ മേൽപ്പാലങ്ങളുടെ നിർമാണം തുടങ്ങാൻ കഴിയില്ലെന്ന നിലപാടിലാണ് കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ (ആർ.ബി.ഡി.സി.).