വലിയമലയിൽ ചന്ദനമരം മുറിച്ചുകടത്തുന്നത് വ്യാപകമാവുന്നു
മൂന്നുദിവസങ്ങളിലായി 12 ഓളം ചന്ദനമരങ്ങൾ ഇവിടെ നിന്നും അജ്ഞാതർ മുറിച്ചുകടത്തി

വടകര: വില്യാപ്പള്ളി പഞ്ചായത്തിലെ വലിയമലയിലെയും പരിസരപ്രദേശങ്ങളിലെയും ചന്ദനമരം മുറിച്ചുകടത്തുന്നത് വ്യാപകമാവുന്നു. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി 12 ഓളം ചന്ദനമരങ്ങൾ ഇവിടെ നിന്നും അജ്ഞാതർ മുറിച്ചുകടത്തി. ഒരു മരം പിഴുതിട്ട നിലയിലും കണ്ടെത്തി.
110 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന സ്ഥലമാണ് വലിയമല. ഇവിടെ നിന്നും മൂന്നുമാസത്തിനിടെ 30 ഓളം ചന്ദനമരങ്ങളാണ് മുറിച്ചുകടത്തിയത്. ശാന്തിഗിരി ആശ്രമ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് അഞ്ചും സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ രണ്ടും ചന്ദനമരങ്ങൾ മോഷണം പോയിട്ടുണ്ട്. വില്യാപ്പള്ളി പഞ്ചായത്തിലെ ഒമ്പത് വാർഡുകളിലായാണ് വലിയമല സ്ഥിതിചെയ്യുന്നത്. ജൈവവൈവിധ്യ മേഖലയായ ഇവിടെ ചെറുതും വലുതുമായ ആയിരക്കണക്കിന് ചന്ദനമരങ്ങളാണുള്ളത്.
തിങ്കളാഴ്‌ച പുലർച്ചെ മരം മുറിക്കുകയായിരുന്ന രണ്ടുപേരെ പരിസരവാസി കണ്ടിരുന്നു. ശബ്ദം കേട്ട് ഇയാൾ എത്തുമ്പോഴേക്കും രണ്ടുപേരും ഓടിരക്ഷപ്പെട്ടു. വില്യാപ്പള്ളി യത്തീംഖാനയുടെ സ്ഥലത്തെ നാല് മരങ്ങൾ രണ്ടുദിവസംമുമ്പ് മുറിച്ചുകൊണ്ടുപോയിരുന്നു. ഈ പറമ്പിലാണ് പിഴുതുവച്ച മരം കണ്ടത്. അടിഭാഗത്തെ മണ്ണ് നീക്കിയശേഷമാണ് മരം പിഴുതുവച്ചത്.
വലിയമല സംരക്ഷണസമിതിയും പഞ്ചായത്തും സംസ്ഥാന ജൈവവൈവിധ്യ ബോർഡിന് അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് മലയിലെത്തി ചന്ദനമരങ്ങളുടെ കണക്കെടുത്തിരുന്നു. എന്നാൽ തുടർനടപടികളൊന്നും ഉണ്ടായില്ല.