സ്റ്റേഷൻ മുറ്റത്തുനിന്ന് മണ്ണുമാന്തി യന്ത്രം കടത്തിക്കൊണ്ടുപോയസംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു
കടത്തിക്കൊണ്ടുപോയ മണ്ണുമാന്തിയന്ത്രം തിരുവമ്പാടി പഞ്ചായത്തിലെ പുന്നക്കലിലെ ഒരു വീട്ടുവളപ്പിൽനിന്നും കണ്ടെടുത്തു

മുക്കം: ബൈക്ക് യാത്രികനായ യുവാവ് മരിച്ച സംഭവത്തിൽ തൊണ്ടിമുതലായി പിടിച്ചിട്ട മണ്ണുമാന്തിയന്ത്രം പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് നിന്നും കടത്തിക്കൊണ്ടുപോയവരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വ പുലർച്ചെയാണ് ഇവർ മണ്ണുമാന്തിയന്ത്രം കടത്തുകയും പകരം മറ്റൊരു യന്ത്രം കൊണ്ടിടുകയും ചെയ്തത്.
കടത്തിക്കൊണ്ടുപോയ മണ്ണുമാന്തിയന്ത്രം തിരുവമ്പാടി പഞ്ചായത്തിലെ പുന്നക്കലിലെ ഒരു വീട്ടുവളപ്പിൽനിന്നും കണ്ടെടുത്തു. സംഭവത്തിൽ യന്ത്രത്തിന്റെ ഉടമയുടെ മകനടക്കം ആറുപേരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു.
കൂമ്പാറ സ്വദേശി മാര്‍ട്ടിന്‍ മാതാളിക്കുന്നേൽ (32), കൂമ്പാറ കിഴ്പ്പള്ളി കെ ആർ ജയേഷ് (32), കൂമ്പാറ ഗോവിന്ദപ്പടി മോഹന്‍ രാജ് (40), കല്ലുരുട്ടി തറമുട്ടത്ത് റജീഷ് മാത്യു (39) തമിഴ്നാട് പുതുക്കോട്ട വേനപ്പുട വേളാങ്കണ്ടി രാജ (35), പൊന്നാങ്കയം പറമ്പനാട്ട് ദീലിപ് കുമാര്‍ (49) എന്നിവരാണ് അറസ്റ്റിലായത്.
കൊടിയത്തൂർ പഞ്ചായത്തിലെ വാലില്ലാപ്പുഴ തോട്ടുമുക്കം റോഡിലെ പുതിയനിടത്ത് കഴിഞ്ഞ മാസം 19ന് രാത്രി ഏഴോടെയാണ് മണ്ണുമാന്തി യന്ത്രവും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ തോട്ടുമുക്കം മാടാമ്പി സ്വദേശി സുധീഷ് (30) മരിച്ചത്. സംഭവത്തിൽ പിടിച്ചെടുത്ത മണ്ണുമാന്തി യന്ത്രത്തിന് ഇൻഷുറൻസ് അടക്കം രേഖകൾ ഇല്ലായിരുന്നു.പൊലീസ് ഈ കസ്റ്റഡിയിലുള്ള യന്ത്രം കടത്തിക്കൊണ്ടുപോയി ഇൻഷുറൻസ് ഉള്ള മറ്റൊരു യന്ത്രം സ്റ്റേഷൻ കോമ്പൗണ്ടിൽ കൊണ്ടിടുകയായിരുന്നു.
യന്ത്രം മാറ്റിയിട്ടവർ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ശ്രദ്ധയിൽ പെട്ടതെന്ന് പൊലീസ് പറഞ്ഞു. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.