നല്ലൂരങ്ങാടിയിൽ തെരുവുനായയുടെ ആക്രമണം; 9 പേർക്ക് പരിക്കേറ്റു
പരിക്കേറ്റവരെ ആദ്യം ഫറോക്ക് താലൂക്കാശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു

ഫറോക്ക്: ഫറോക്ക് നഗരസഭയിലെ നല്ലൂരങ്ങാടിയിൽ തെരുവുനായയുടെ ആക്രമണം രണ്ടു കുട്ടികളും ഏഴു സ്ത്രീകളുമുൾപ്പെടെ ഒമ്പതുപേർക്ക് കടിയേറ്റു. രാവിലെ ആറര മുതലാണ് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി തെരുവുനായയുടെ പരാക്രമമുണ്ടായത്.
പരിക്കേറ്റവരെ ആദ്യം ഫറോക്ക് താലൂക്കാശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.തെക്കേടത്ത് ചന്ദ്രന്റെ ഭാര്യ ബേബി (62), തെക്കേടത്ത് വിജയന്റെ ഭാര്യ രമണി (53), നടുവത്തിക്കുഴി വസന്ത (66), നടുവത്തിക്കുഴി സരോജിനി (63), കരിപ്പാത്ത് ശകുന്തള (55), പടുവിൽ സുമ (52), ചെമ്പനിയിൽ സരസു (66), നടുവത്തിക്കുഴി പ്രഭേശിന്റെ മക്കളായ ആദർശ് (12), അഭിരാമി (10) എന്നിവർക്കാണ് കടിയേറ്റത്.
നാടിനെ ഭീതിയിലാഴ്ത്തിയ നായയെ പിന്നീട് പാതയോരത്ത് ചത്തനിലയിൽ കണ്ടെത്തി. ഇതിനെ പൂക്കോട് വെറ്ററിനറി കേന്ദ്രത്തിലേക്ക് വിശദപരിശോധനക്കായി കൊണ്ടുപോയി.