പെരുവണ്ണാമൂഴി പുഴയോരം ഇടിയൽ ഇറിഗേഷൻ വകുപ്പ് പരിശോധന നടത്തി
കേരളാ കോൺഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി രാജൻ വർക്കി കൊയിലാണ്ടി താലൂക്ക് വികസന സമിതിയിൽ ഉന്നയിച്ചതാണു ആക്ഷേപം.
പെരുവണ്ണാമൂഴി : 6 മെഗാ വാട്ട് വൈദ്യുതി ഉല്പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന ജലം കുതിച്ചെത്തി കുറ്റ്യാടി പുഴയോര ഭാഗം ഇടിയുന്നതായുള്ള പരാതിയിൽ പരിശോധന നടത്തി ഇറിഗേഷൻ വകുപ്പ്. കേരളാ കോൺഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി രാജൻ വർക്കി കൊയിലാണ്ടി താലൂക്ക് വികസന സമിതിയിൽ ഉന്നയിച്ചതാണു ആക്ഷേപം.
പുഴയോര ഭൂമി വനം വകുപ്പിന്റേതാണ്. കനത്ത തോതിൽ മണ്ണ് ഇടിഞ്ഞ് വലിയ മരങ്ങൾ കടപുഴകി പുഴയിൽ പതിച്ച നിലയിലാണ്. വൈദ്യുതി ഉൽപ്പാദനം തുടങ്ങിയിട്ട് ആറ് മാസം പിന്നിട്ടു. സംരംക്ഷണ ഭിത്തി നിർമ്മിച്ചില്ലെങ്കിൽ ഓരം തുടർന്നും ഇടിഞ്ഞു കൊണ്ടിരിക്കും. വനവും നശിക്കും. കെ.എസ് ഇ ബി, ഇറിഗേഷൻ, വനം വകുപ്പുകൾ യോജിച്ച് തീരുമാനമുണ്ടാക്കി പ്രശ്ന പരിഹാരമുണ്ടാക്കണമെന്നാണു പരാതിയിൽ ആവശ്യപ്പെടുന്നത്.
വൈദ്യുതി ഉല്പാദന കേന്ദ്രം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇറിഗേഷൻ പയോളി ലോക്ക് സെക്ഷൻ അസി.എഞ്ചിനീയർ പി.സരിൻ, ഓവർസിയർ പി.കെ ഹാഷിം എന്നിവരാണു പരിശോധനക്കെത്തിയത്. റിപ്പോർട്ട് അടുത്ത താലൂക്ക് വികസന സമിതി യോഗത്തിൽ അവതരിപ്പിക്കുന്ന തിനു മുന്നോടിയായി ആണ് പരിശോധന. പരാതിക്കാരനും താലൂക്ക് വികസന സമിതി അംഗവുമായ രാജൻ വർക്കിയും സന്നിഹിതനായിരുന്നു.

