'സർഗ്ഗ ദളങ്ങൾ 'ശില്പശാല ശ്രദ്ധേയമായി
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിജി പുൽക്കുന്നുമ്മൽ സർഗ്ഗ ദളങ്ങൾ ഉൽഘാടനം നിർവഹിച്ചു.
 
                        കുന്ദമംഗലം : ഉപജില്ലാ എച്ച് എം ഫോറം, വിദ്യാരംഗം സാഹിത്യ വേദിയുടെയും സംയുക്താഭി മുഖ്യത്തിൻ 'കുഞ്ഞെഴുത്തിന്റെ മധുരം'- എന്ന പ്രോജക്ടിൻ്റെ തുടർപ്രവർത്തനമായി തത്സമയ കയ്യെഴുത്ത് മാഗസിൻ ശില്പശാല സർഗ്ഗദളങ്ങൾ പരിപാടി സംഘടിപ്പിച്ചു.
കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുന്ന തിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജെ പോൾ വിഭാവനം ചെയ്ത പ്രത്യേക വിദ്യാഭ്യാസ പരിപാടിയാണ് സർഗ്ഗ ദളങ്ങൾ.
കുട്ടികളുടെ രചനാപരമായ കഴിവുകൾ ,കയ്യെഴുത്ത്, കരവിരുത് എന്നിവ പ്രോൽസാഹിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യ ലക്ഷ്യങ്ങളാണ് പദ്ധതിക്ക് പിന്നിലുള്ളത്. കുന്ദമംഗലം ഉപജില്ലയിലെ പതിനൊന്ന് യു.പി സ്കൂളുകളിൽ നിന്നായി അറുപതോളം കുട്ടികൾ ശിൽപശാലയിൽ പങ്കെടുത്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.ജെ പോളിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിജി പുൽക്കുന്നുമ്മൽ സർഗ്ഗ ദളങ്ങൾ ഉൽഘാടനവും തുടർന്ന് സമ്മാനദാനവും നിർവ്വഹിച്ചു.
ലഹരിയുടെ ഉപയോഗത്തെ പ്രതിരോധിക്കുന്നതിന് തുലികകൾ ആയുധമാക്കണമെന്ന് മുഖ്യതിഥിയായി പങ്കെടുത്ത സാഹിത്യകാരൻ പി.കെ. പാറക്കടവ് കുട്ടികളെ ഓർമ്മിപ്പിച്ചു. ശ്രീകുമാർ (സി.ഐ കുന്ദമംഗലം) കെ.വി ജോസഫ്. സി .കെ വിനോദ് കുമാർ, സിഗ്നി ദേവരാജൻ , നൗഷാദ് വെള്ളിലശ്ശേരി, ഷാജിമോൻ, ലത എം.കെ,ഷീന , ഇന്ദിര, യൂസഫ് സിദ്ധീഖ്. എം. ആരിഫ് എന്നിവർ സംസാരിച്ചു.'തൽസമയ മാഗസിൻ' നിർമ്മാണ ശിൽപശാലയിൽ രൂപപ്പെട്ട പതിനൊന്ന് മാഗസിനുകളുടെ പ്രകാശനവും മൽസരത്തിൽ വിജയിച്ച വിദ്യാലയങ്ങൾക്കുള്ള സമ്മാന വിതരണവും ഇതിൻ്റെ ഭാഗമായി നടന്നു.


 
                             
 
                     
 
                     
 
                     
 
                     
 
                             
 
                             
 
                             
 
                            