ജലസേചന സൗകര്യമില്ല പാവുള്ളാട്ട് വയലിൽ എക്കർ കണക്കിന് നെൽകൃഷി നശിക്കുന്നു
പ്രദേശത്തെ 26 ഏക്കർ സ്ഥലത്ത് ഇരുപത്തിയഞ്ച് കർഷകരുടെ കൂട്ടായ്മ നടത്തിയ പുഞ്ച കൃഷിക്കാണ് വെള്ളം ലഭിക്കാത്തത്
വേളം: ജലസേചന സൗകര്യമില്ലാത്തതിനാൽ വേളം പഞ്ചായത്തിലെ പാവുള്ളാട്ട് താഴ വയലിൽ ഏക്കർകണക്കിന് നെൽകൃഷി നശിക്കുന്നതായി പരാതി. പ്രദേശത്തെ 26 ഏക്കർ സ്ഥലത്ത് ഇരുപത്തിയഞ്ച് കർഷകരുടെ കൂട്ടായ്മ നടത്തിയ പുഞ്ച കൃഷിക്കാണ് വെള്ളം ലഭിക്കാത്തത്. കതിര ണിഞ് നിൽക്കുന്ന നെൽച്ചെടികളാണ് സമയത്തിന് വെള്ളം കിട്ടാത്തതു കാരണം ഉണങ്ങി നശിക്കുന്നത്.
ഇതു സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കും കൃഷി ഓഫീസർക്കും കർഷകർ പരാതി നൽകിയെങ്കിലും യാതൊരു പരിഹാരമുണ്ടായിട്ടില്ലെന്ന് കർഷകർ ആരോപിച്ചു.പാവുള്ളാട്ട് താഴ വയലിലെ നെൽകൃഷിക്ക് ജലസേചന സൗകര്യം ലഭ്യമാക്കുന്നതിന് പഞ്ചായത്ത് ഭരണസമിതിയും കൃഷി വകുപ്പും അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ വേളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
കിസാൻ സഭ മണ്ഡലം പ്രസിഡണ്ട് എൻ കെ വിശ്വനാഥൻ, പഞ്ചായത്ത് സെക്രട്ടറി ഷിബുരാജ് വാച്ചാക്കൽ, ബി കെ എം യു മണ്ഡലം സെക്രട്ടറി കെ സത്യൻ, സി പി ഐ വേളം ലോക്കൽ സെക്രട്ടറി സി രാജീവൻ , തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് കർഷകർ നേരിടുന്ന പ്രയാസങ്ങൾ മനസിലാക്കി.
പാടത്തിനടുത്തുള്ള മണിമല എസ്റ്റേറ്റിൽ നിന്നും കാട്ടുപന്നികൾ കൂട്ടത്തോടെ വന്ന് നെല്ല് നശിപ്പിക്കുന്നതും കർഷകരെ ദുരിതത്തിലാക്കുന്ന സാഹചര്യത്തിലാണ് ജലസേചനത്തിന്റെ കുറവും വന്നു ചേർന്നിട്ടുള്ളത്.പാവുള്ളാട്ട് വയൽ പാടശേഖര സിക്രട്ടറി കുനിയേൽ റഷീദ്, പ്രസിഡണ്ട് കൈതക്കടവിൽ കുഞ്ഞാലി മറ്റ് സമിതി അംഗങ്ങൾ തുടങ്ങിയവർ നെൽ കർഷകർ നേരിടുന്ന പ്രയാസങ്ങളെ പറ്റി പരാതി നൽകി.

