80-കാരൻ ഹൃദയാഘാതം മൂലം മരണപ്പെട്ട കേസിൽ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ.
അവശനിലയിൽ ഏതാണ്ട് ഒന്നര കിലോമീറ്ററോളം നടക്കേണ്ടി വന്നതായി ഭാര്യ

ന്യൂഡൽഹി: വിമാനത്തിൽ നിന്നിറങ്ങി നടന്നു പോകുന്നതിനിടെ 80-കാരൻ ഹൃദയാഘാതം മൂലം മരണപ്പെട്ട കേസിൽ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ. യാത്രക്കാരൻ വീൽ ചെയർ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും അതാണ് ഹൃദയാഘാതത്തിന് ഇടയാക്കിയതെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മുംബൈ ടെർമിനലിൽ വച്ചായിരുന്നു സംഭവം. ന്യൂയോർക്കിൽ നിന്ന് മുംബൈയിലേക്ക് ഭാര്യയ്ക്കൊപ്പം യാത്ര ചെയ്തിരുന്ന ഇന്ത്യൻ- അമേരിക്കൻ വംശജനാണ് മരണപ്പെട്ടത്
ഇരുവരും സഞ്ചരിച്ചിരുന്ന വിമാനം രണ്ടേമുക്കാൽ മണിക്കൂറുകളോളം വൈകിയാണ് മുംബൈയിലെത്തിയത്. വിമാനത്താവളത്തിൽ എത്തിയപ്പോൾ ഇവർ വീൽ ചെയർ ആവശ്യപ്പെട്ടിരുന്നു.ആ സമയത്ത് വിമാനത്താവളത്തിൽ ഒരു വീൽ ചെയർ മാത്രമേ ലഭ്യമായിരുന്നുള്ളൂ.അത് ഭാര്യക്ക് നൽകിയ ശേഷം നടന്നു പോകുന്നതിനിടെയാണ് വയോധികന് ഹൃദയാഘാതമുണ്ടായി കുഴഞ്ഞു വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അവശനിലയിൽ ഏതാണ്ട് ഒന്നര കിലോമീറ്ററോളം നടക്കേണ്ടി വന്നതായാണ് ഭാര്യ ആരോപിക്കുന്നത്.വീൽ ചെയർ എത്തുന്നതു വരെ കാത്തിരിക്കാൻ യാത്രക്കാരനോട് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹമത് നിരസിച്ചുവെന്നാണ് എയർ ഇന്ത്യ പറയുന്നത്. സംഭവത്തിനു പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഡിജിസിഎക്ക് നോട്ടീസ് അയച്ചിരുന്നു.