വന്യജീവി ആക്രമണം നടന്ന രണ്ട് സ്ഥലങ്ങളിലും നിരീക്ഷണം ശക്തമാക്കും; മന്ത്രി എകെ ശശീന്ദ്രന്‍
കുടുംബത്തിന് ആവശ്യമായ ധനസഹായത്തിന് നിര്‍ദേശം നൽകിയതായും മന്ത്രി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുണ്ടായ വന്യജീവി ആക്രമണത്തില്‍ പ്രതികരിച്ച് വനംമന്ത്രി എകെ ശശീന്ദ്രന്‍. വന്യജീവി ആക്രമണം നടന്ന രണ്ട് സ്ഥലങ്ങളിലും നിരീക്ഷണം ശക്തമാക്കുമെന്ന് വനംമന്ത്രി. മരിച്ച രണ്ട് പേരുടെയും കുടുംബത്തിന് ആവശ്യമായ ധനസഹായത്തിന് നിര്‍ദ്ദേശം നൽകിയതായി വനംമന്ത്രി പറഞ്ഞു.
ആക്രമണം നടന്ന രണ്ടിടങ്ങളിലും വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തുമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോടും തൃശൂരുമാണ് വന്യജീവി ആക്രമണം ഉണ്ടായത്. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പാലാട്ട് അബ്രഹാം(62) ആണ് മരിച്ചത്. തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ തൃശ്ശൂർ വാച്ച്മരത്തെ ഊരു മൂപ്പൻ രാജന്റെ ഭാര്യ വത്സല (62)യും മരിച്ചു.
ഇതിനിടെ വന്യജീവി ആക്രമണത്തിൽ രണ്ടു പേരുടെ മരണത്തെ തുടർന്ന് കോഴിക്കോടും തൃശൂരും പ്രതിഷേധം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും രംഗത്തെത്തി.
കോഴിക്കോട് അബ്രഹാമിന്റെ മൃതദേഹവുമായി പുറത്തേക്ക് വന്ന ആംബുലൻസ് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. കർഷകനെ ആക്രമിച്ച കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ജില്ലാ കളക്ടർ ഉത്തരവിടണം, മതിയായ നഷ്ടപരിഹാരം നൽകണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.

