ഭിന്നശേഷി വോട്ടർമാർക്ക് സഹായമൊരുക്കി എൻ.എസ്.എസ്. വളണ്ടിയർമാർ
4460 വളണ്ടിയർമാരാണ് സന്നദ്ധ സേവകരായി പ്രവർത്തിച്ചത്

വടകര: തെരഞ്ഞെടുപ്പ് ദിവസം ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും പോളിംങ്ങ് ബൂത്തുകളിൽ വോട്ടു ചെയ്യാൻ സഹായമൊരുക്കി ഹയർ സെക്കൻ്ററി എൻ.എസ്.എസ്. വളണ്ടിയർമാർ. ജില്ലയിലെ 2230 ബൂത്തുകളിൽ 4460 വളണ്ടിയർമാരാണ് സന്നദ്ധ സേവകരായി പ്രവർത്തിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രവർത്തന മികവിനുള്ള അംഗീകാരമായാണ് വളണ്ടിയർമാർക്ക് ഈ വർഷവും അവസരം ലഭിച്ചത്. ജില്ല സാമൂഹ്യനീതി വകുപ്പുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്. ഇതിനായി 13 നിയമസഭാ മണ്ഡലങ്ങളിലും നോഡൽ ഓഫീസർമാരെ നിയമിച്ചിരുന്നു. ഒപ്പം 'ഗ്രീൻ ഇലക്ഷൻ ക്ലീൻ ഇലക്ഷൻ' എന്ന സന്ദേശമുയർത്തി എല്ലാ പോളിംങ് ബൂത്തുകളിലും ഹരിത കർമ്മസേനയുമായി സഹകരിച്ച് ബോധവൽക്കരണ പ്രവർത്തനവും സംഘടിപ്പിച്ചു.
ജില്ല സാമൂഹ്യനീതി ഓഫീസർ അഞ്ജു മോഹൻ, എൻ.എസ്.എസ്. ജില്ല കോഡിനേറ്റർമാരായ എം.കെ. ഫൈസൽ, എസ്. ശ്രീചിത്ത് എന്നിവർ നേതൃത്വം നൽകി.