ലഹരി ഉപയോഗിക്കുന്നതിനിടെ പേരാമ്പ്രയിൽ 6 യുവാക്കൾ പോലീസ് പിടിയിൽ
ലഹരി ഉപയോഗത്തിനായി ചെറുപ്പക്കാർ തമ്പടിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഡി വൈ എസ് പി സ്ക്വാഡ് നടത്തിയ തിരച്ചിലിലാണ് യുവാക്കളെ പിടികൂടിയത്.

പേരാമ്പ്ര: ലഹരി ഉപയോഗിക്കുന്നതിനിടെ 6 യുവാക്കളെ പേരാമ്പ്ര ഡി വൈ എസ് പി സ്ക്വാഡ് പിടികൂടി. പേരാമ്പ്ര സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് ഉപയോഗിക്കുന്നതായ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് യുവാക്കൾ പിടിയിലായത്. ഇവരിൽ നിന്നും ലഹരി ഉപയോഗിക്കുന്ന പേപ്പറുകളും പൈപ്പുകളും പോലീസ് കണ്ടെടുത്തു.
പേരാമ്പ്ര ഡി വൈ എസ് പി, കെ എം ബിജുവിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ലഹരി ഉപയോഗിക്കാൻ ചെറുപ്പക്കാർ തമ്പടിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഡി വൈ എസ് പി സ്ക്വാഡ് തിരച്ചിൽ നടത്തുകയായിരുന്നു. കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് യുവാക്കളെ പിടികൂടിയത്. ഇവർക്കെതിരെ പേരാമ്പ്ര സ്റ്റേഷനിൽ മാത്രം 4 കേസുകൾ രജിസ്റ്റർ ചെയ്തു. പിടിക്കപ്പെട്ട യുവാക്കളിൽ ചിലർ മുമ്പും സമാനമായ കേസുകളിൽ പിടിക്കപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു.
തിരുവള്ളൂർ സ്വദേശികളായ നാറാണത്ത് അർഷാദ്, തെക്കേകണ്ണമ്പള്ളി യാക്കൂബ്. ചെറുകുനിയിൽ മുനീർ. കൈതക്കൽ നൊച്ചാട് നെല്ലുവേലി വീട്ടിൽ താമസിക്കുന്ന ഈരാറ്റുപേട്ട സ്വദേശി യൂസഫ്, വെള്ളിയൂർ കൊളപ്പോട്ടിൽ വീട്ടിൽ ശ്രീനാഥ്, വെള്ളിയൂർ വെള്ളരിയിൽ വീട്ടിൽ അജിൽ ജെ മനോജ് എന്നിവരാണ് പോലീസ് പിടിയിലായത്. ജില്ലയിൽ ഈ വർഷം മാത്രം ലഹരി ഉപയോഗിച്ച് അഞ്ചിലധികം യുവാക്കൾ മരണപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി അർവിന്ദ് സുകുമാർ ഐ പി എസിൻ്റെ നിർദ്ദേശപ്രകാരം പോലീസ് നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ലഹരി വസ്തുക്കളുടെ വിൽപനയ്ക്കും ഉപയോഗത്തിനുമെതിരെ റെയ്ഡും മറ്റ് ശക്തമായ നടപടികളും സ്വീകരിക്കുമെന്നും പേരാമ്പ്ര ഡി വൈ എസ് പി അറിയിച്ചു.