പേരാമ്പ്ര ആസ്ഥാനമായി രൂപം കൊണ്ട ഹസ്ത ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്‌ഘാടനം മെയ് 28 ന്
ഹസ്ത ചാരിറ്റബിൾ ട്രസ്റ്റിന്റെ ഔപചാരികമായ ഉദ്‌ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവ്വഹിക്കും

പേരാമ്പ്ര:പേരാമ്പ്ര ആസ്ഥാനമായി രൂപം കൊണ്ട ഹസ്ത ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്‌ഘാടനം മെയ് 28 ന് ചൊവ്വാഴ്ച കാലത്തു 10 മണിക്ക് പേരാമ്പ്ര ടൗൺ ഹാളിൽ വെച്ച് നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ, രംഗത്തു സജീവ സാന്നിധ്യമായ ഒരു പറ്റം മനുഷ്യ സ്നേഹികളുടെ കൂട്ടായ്മയാണ് ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ്.
മാനവിക വികസനം, സാമൂഹ്യ ശാക്തീകരണം, സാമൂഹ്യ നീതി, സാമൂഹ്യ സുരക്ഷ, ജീവകാരുണ്യം, പാലിയേറ്റിവ്, വിദ്യാഭ്യാസം, ബോധവത്കരണം, തൊഴിൽ, വിശപ്പ് രഹിത സമൂഹം, രാഷ്ട്രീയ അവബോധം, പരിശീലനങ്ങൾ, ശാക്തീകരണം, ആരോഗ്യം, ശുചിത്വം, പരിസ്ഥിതി, കല, സാംസ്കാരികം, കായികം, സാഹിത്യം, പ്രസിദ്ധീകരണം തുടങ്ങിയ മേഖലകളിൽ ഹസ്തയുടെ സർഗാത്മകമായ ഇടപെടൽ ലക്ഷ്യം വെക്കുന്നു.
ഹസ്ത ചാരിറ്റബിൾ ട്രസ്റ്റിന്റെ ഔപചാരികമായ ഉദ്‌ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവ്വഹിക്കും. മെയ് 28 ചൊവ്വാഴ്ച്ച കാലത്ത് 10 മണിക്ക് പേരാമ്പ്ര ടൗൺ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഹസ്ത ചെയർമാൻ മുനീർ എരവത്ത് അധ്യക്ഷത വഹിക്കും. കെ. പ്രദീപൻ ട്രസ്റ്റ് പരിചയപ്പെടുത്തൽ നടത്തും. പ്രശസ്ത സാഹിത്യകാരൻ യു.കെ. കുമാരൻ മുഖ്യപ്രഭാഷണം നടത്തും.
ഹസ്ത സ്നേഹവീട് പദ്ധതിയുടെ ഉദ്ഘാടനം ഡിസിസി പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺ കുമാറും, ജീവനം പദ്ധതിയുടെ ഉദ്ഘാടനം ഡോ ഹരിപ്രിയയും മെഡികെയർ പദ്ധതി ഉദ്ഘാടനം ഡോ. സി.കെ. വിനോദും നിർവ്വഹിക്കും. സാമൂഹ്യ സാംസ്‌കാരിക രാഷ്‌ടീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും. ട്രസ്റ്റ് ചെയർമാൻ മുനീർ എരവത്ത്, ട്രഷറർ കെ പ്രദീപൻ, കോ. ഓഡിനേറ്റർ ആർ.പി. രവീന്ദ്രൻ, വി. ആലിസ് മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.