മേപ്പയൂരിൽ റോഡരികിലെ വൻമരം വീണ് വൈദ്യുതി പോസ്റ്റ് തകർന്നു; ബൈക്ക് യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഫയർഫോഴ്സ് മരം മുറിച്ചു മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു
മേപ്പയൂർ: മേപ്പയൂർ - പന്നിമുക്ക് റോഡിൽ മഠത്തുംഭാഗം പൊലിയൻ കണ്ടിമുക്കിൽ വൻമരം കടപുഴകി വൈദ്യുത ലൈനിൽ വീണു. വൈദ്യുതി പോസ്റ്റ് പൊട്ടി വീണ് വൈദ്യുതി കമ്പികൾക്ക് ഇടയിൽ പെട്ട രണ്ട് ബൈക്ക് യാത്രികർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീനിലയം വിജയൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ നാട്ടുകാർ മുൻകരുതൽ നടപടികൾ സ്വീകരിച്ചു. പേരാമ്പ്ര ഫയർ ആൻ്റ് റസ്ക്യൂ ഉദ്യോഗസ്ഥർ എത്തി നാട്ടുകാരുടെ സഹകരണത്തോടെ മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. മേപ്പയൂർ സെക്ഷൻ കെ.എസ്.ഇ.ബി. ജീവനക്കാരും ഉടൻ സ്ഥലത്തെത്തി വൈദ്യുതബന്ധം വിഛേദിച്ച് വൻ ദുരന്തം ഒഴിവാക്കി.
വൈദ്യുതി ലൈനുകൾക്കും നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയായി റോഡരികിൽ നിൽക്കുന്ന മരങ്ങൾ ഉടൻ മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

