വയനാടിന് കൈത്താങ്ങ്; അതിജീവനത്തിന്റെ ചായക്കടയുമായി നടുവണ്ണൂരിലെ ഡിവൈഎഫ്ഐ
നടുവണ്ണൂർ മേഖലാ കമ്മിറ്റി നാളെ മുതൽ കരുവണ്ണൂർ അങ്ങാടി, നടുവണ്ണൂർ ബസ് സ്റ്റാൻഡ് പരിസരം കരുമ്പാപ്പൊയിൽ, മന്ദങ്കാവ് എന്നിവിടങ്ങളിലാണ് ചായക്കട തുറക്കുന്നത്.

നടുവണ്ണൂർ: വയനാടിന് കൈത്താങ്ങാവാൻ ചായക്കടയുമായി ഡിവൈഎഫ്ഐ നടുവണ്ണൂർ മേഖലാ കമ്മിറ്റി. ആഗസ്ത് 10 ശനിയാഴ്ച മുതൽ കരുവണ്ണൂർ അങ്ങാടി, നടുവണ്ണൂർ ബസ് സ്റ്റാൻഡ് പരിസരം, കരുമ്പാപ്പൊയിൽ , മന്ദങ്കാവ് എന്നിവിടങ്ങളിലാണ് ചായക്കട തുറക്കുന്നത്. വയനാട്ടിൽ ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകുന്ന വീടുകളുടെ ധനശേഖരണാർത്ഥമാണ് ചായക്കട നടത്തുന്നത്.
നടുവണ്ണൂർ ബസ് സ്റ്റാൻഡ് പരിസരത്തെ ചായക്കടയിൽ രാജസ്ഥാനി മസാല ചായ ആണ് ഒരുക്കുന്നത്. രാജസ്ഥാനി മസാല ചായ മുതൽ വിവിധയിനം ചായകളും പലഹാരങ്ങളും ചായക്കടകളിൽ ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു. വീട്ടമ്മമാർ സൗജന്യമായി നിർമ്മിച്ചു നൽകുന്ന പലഹാരങ്ങളാണ് കടകളിൽ ഉണ്ടാവുക.
ചായക്കടയ്ക്ക് പുറമെ മേഖലയിലെ യൂനിറ്റ് കമ്മറ്റികളും വിഭിന്നങ്ങളായ ചാലഞ്ചുകൾ നടത്തുന്നുണ്ട്. കരുവണ്ണൂർ പ്രദേശത്ത് ഈ വരുന്ന ഞായറാഴ്ച മത്സ്യ വിൽപനയും ചൂണ്ടയിടൽ മൽസരവും മേഖലയിലെ എല്ലാ പ്രദേശങ്ങളിലും ആക്രി ശേഖരണവും ഡിവൈഎഫ്ഐ നടത്തുന്നുണ്ട്.