വേങ്ങേരി ബൈപാസ് ജങ്‌ഷനിൽ നിർമിക്കുന്ന മേൽപ്പാലം ഒമ്പതു ദിവസം കഴിഞ്ഞാൽ തുറന്നുകൊടുക്കും
ഇതോടെ ബാലുശേരി, നരിക്കുനിവഴി കോഴിക്കോട്ടേക്കുള്ള യാത്രാക്ലേശത്തിന് പരിഹാരമാവും

കോഴിക്കോട്: കോഴിക്കോട് ദേശീയ പാത നിർമാണത്തിന്റെ ഭാഗമായി വേങ്ങേരി ബൈപാസ് ജങ്‌ഷനിൽ നിർമിക്കുന്ന മേൽപ്പാലം ഒമ്പതുദിവസം കഴിഞ്ഞാൽ ഗതാഗതത്തിനായി തുറന്നുകൊടുക്കും.
വെങ്ങളം–രാമനാട്ടുകര ദേശിയ പാതയ്‌ക്ക് കുറുകെ വേങ്ങേരിയിൽ 42 മീറ്റർ നീളവും 27 മീറ്റർ വീതിയുമുള്ള പാലത്തിന്റെ പകുതിഭാഗമാണ് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത്.
ഇതോടെ ബാലുശേരി, നരിക്കുനിവഴി കോഴിക്കോട്ടേക്കുള്ള യാത്രാക്ലേശത്തിന് പരിഹാരമാവും. ജപ്പാൻ ശുദ്ധജല പദ്ധതിയുടെ പൈപ്പ് ലൈൻ മാറ്റത്തതിനാൽ മേൽപ്പാലത്തിന്റെ ഒരു ഭാഗത്ത് 13.75 മീറ്റർ വീതിയിലാണ് സ്ലാബുകൾ നിർമിച്ചത്. പാലത്തിന്റെ മധ്യഭാഗത്തെ സ്ലാബുകൾക്കിടയിലെ കോൺക്രീറ്റും ഇരുവശങ്ങളിലെ കോൺക്രീറ്റും കഴിഞ്ഞദിവസം പൂർത്തിയായി. കോൺക്രീറ്റിന് ശേഷം ഒരാഴ്‌ച കഴിഞ്ഞേ ഗതാഗതം അനുവദിക്കു. ഇതിനിടെ സ്ലാബിന് മുകളിൽ ബിറ്റുമിൻ കോൺക്രീറ്റ് ചെയ്യണം. ഇത് ഒരുദിവസംകൊണ്ട് പൂർത്തിയാക്കാനാകും.
കഴിഞ്ഞദിവസങ്ങളിലെ ശക്തമായ മഴ പ്രവൃത്തിയെ സാരമായി ബാധിച്ചു. മഴ നാലുനാളായി വിട്ടുനിന്നതോടെ പ്രവൃത്തി പുരോഗമിക്കുകയാണ്. പാലത്തോട് ചേർന്ന സർവീസ് റോഡ് 60 സെന്റിമീറ്റർ കൂടി ഉയർത്താനുണ്ട്. പാലം പ്രവൃത്തിയോടൊപ്പം റോഡ് നിർമാണവും പുരോഗമിക്കുന്നു. കെഎംസി കൺസ്‌ട്രക്‌ഷനാണ് നിർമാണ ചുമതല. പെരുവണ്ണാമൂഴിയിൽനിന്നുള്ള ജപ്പാൻ ജലപദ്ധതിയുടെ പ്രധാനപൈപ്പ് പാലം നിർമിക്കുന്നതിന്റെ ഒരുഭാഗത്ത് കൂടിയാണ് പോകുന്നത്. പാലം പൂർണമായി നിർമിക്കാൻ പൈപ്പ് മാറ്റി സ്ഥാപിക്കണം. അതിനാലാണ് പ്രവൃത്തി നീണ്ടുപോയത്.