തിക്കോടി ബസാർ സർവീസ് റോഡിൽ മരണക്കുഴികൾ വീണ്ടും രൂപപ്പെടുന്നു
നാട്ടുകാരും സംഘടനകളും വീണ്ടും ഒരു പ്രക്ഷോഭത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്

തിക്കോടി: നാഷണൽ ഹൈവേയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് തിക്കോടി പഞ്ചായത്ത് ബസാറിൽ ഉണ്ടായ വെള്ളക്കെട്ടും യാത്രാ ബുദ്ധിമുട്ടും ഏറെ ചർച്ച വിഷയമായ ഒരു കാര്യമായിരുന്നു. നാട്ടുകാരുടെയും, വ്യത്യസ്ത രാഷ്ട്രീയപാർട്ടികളുടെയും നിരന്തര സമരത്തിന്റെയും, സമ്മർദ്ദത്തിന്റെയും ഫലമായിട്ടാണ് അടുത്ത കാലത്ത് ഇതിനൊരു പരിഹാരം ഉണ്ടായത്.
അതോടൊപ്പം തന്നെ പൊട്ടിപ്പൊളിഞ്ഞ സർവീസ് റോഡുകൾ മിനുക്ക് പണി ചെയ്ത് യാത്രയോഗ്യമാക്കിയതും. എന്നാൽ ഇപ്പോൾ സർവീസ് റോഡുകളിൽ വീണ്ടും ഭീതി ജനിപ്പിക്കും വിധം കുഴികൾ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബൈക്ക് യാത്രക്കാർക്കും, കാറുകൾക്കും, എന്തിനേറെ ബസ് കാത്തു നിൽക്കുന്ന യാത്രക്കാർക്കും, അപകടസാധ്യത ഉണ്ടാക്കുന്ന ഒരു കാര്യമായി ഇത് മാറിയിട്ടുണ്ട്. നാട്ടുകാരും സംഘടനകളും വീണ്ടും ഒരു പ്രക്ഷോഭത്തിൻടെ മുനമ്പിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്.
നാഷണൽ ഹൈവേ പ്രവർത്തനങ്ങളുടെ അശ്രദ്ധയും സൂക്ഷ്മതക്കുറവും ആണ് ചുരുങ്ങിയ സമയത്തിനുള്ളിൽ വീണ്ടും ഇത്തരം കുഴികൾ രൂപപ്പെടാനുള്ള കാരണം. നാട്ടുകാരുമായി ആലോചിച്ച് ഭാവി പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കുമെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഇബ്രാഹിം തിക്കോടി, കെ.ടി. ചന്ദ്രൻ മാസ്റ്റർ എന്നിവർ പറഞ്ഞു.