മൂടാടിയിൽ മാലിന്യ മുക്തം നവകേരളം പദ്ധതി രണ്ടാംഘട്ടം പ്രവർത്തനം ആരംഭിച്ചു
പരിപാടിയുടെ ഉത്ഘാടനം മൂടാടി ടൗണിലെ മത്സ്യ വിതരണ തൊഴിലാളി ശ്രീരാഗ് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: മൂടാടി പഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം പദ്ധതി രണ്ടാംഘട്ടം പ്രവർത്തനം ആരംഭിച്ചു. പരിപാടിയുടെ ഉത്ഘാടനം മൂടാടി ടൗണിലെ മത്സ്യ വിതരണ തൊഴിലാളി ശ്രീരാഗ് ഉദ്ഘാടനം ചെയ്തു.
മൂടാടി ടൗണിൽ മത്സ്യ കച്ചവടക്കാരനായ അച്ഛൻ ശ്രീധരനെയും, മറ്റ് മത്സ്യ വിതരണ ക്കാരെയും സഹായിക്കലാണ് ശ്രീരാഗിൻ്റെ ജോലി. അതിനിടയിൽ സമയംകണ്ടെത്തി ശ്രീരാഗ് ടൗണിലെ പ്ലാസ്റ്റിക് ബോട്ടിൽ മുഴുവൻ ശേഖരിക്കുന്നതും പഞ്ചായത്തിൻ്റ മിനി എം.സി.എഫിൽ നിക്ഷേപിക്കുന്നതും പതിവാണ്. ഇതോടെ പരിസ്ഥിതി പ്രവർത്തന രംഗത്ത് ശ്രീരാഗ് മികച്ച മാതൃകയായിരിക്കുകയാണ്.
പല സ്ഥലങ്ങളിലെയും ബോട്ടിൽ ബൂത്തുകൾ നിറയാൻ മാസങ്ങൾ എടുക്കുമെങ്കിലും മൂടാടി ടൗണിലെ ബോട്ടിൽ ബൂത്ത് അനുദിനം നിറഞ്ഞു കൊണ്ടേയിരിക്കും. പ്ളാസ്റ്റിക്കിനെതിരെ യുദ്ധ പ്രഖ്യാപനവുമായി ജീവിക്കുന്ന ശ്രീരാഗ് ആണ് ഗ്രാമപഞ്ചായത്തിൻ്റെ ഈ വർഷത്തെ മാലിന്യ മുക്ത പ്രവവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.‘സ്വയം സമാഹരിച്ച നിരവധി ചാക്ക് ബോട്ടിലുകൾ ഹരിത കർമസേനക്ക് നൽകി കൊണ്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്രസിഡൻറ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.റെസിഡൻസ് അസോസിയനുകൾ കുടുംബശ്രീ അംഗങ്ങൾ വ്യാപാരികൾ തുടങ്ങിയവർ പങ്കാളികളായി. വാർഡ് മെമ്പർ സുമതി സ്വാഗതം പറഞ്ഞു.

