നടുവണ്ണൂരിൽ ഓഡിറ്റോറിയം നിർമ്മിക്കാൻ സൗജന്യ സ്ഥലം നൽകി വെള്ളപ്പാലൻ കണ്ടി കുടുംബം
അനന്തരാവകാശികളായ 27 പേർ ചേർന്നാണ് പഞ്ചായത്തിന് റജിസ്റ്റർ ചെയ്ത രേഖ കൈമാറിയത്

നടുവണ്ണൂർ: നടുവണ്ണൂരിലെ വെള്ളപ്പാലൻ കണ്ടി കുടുംബം സൗജന്യമായി നൽകിയ സ്ഥലത്ത് ടൗണിൻ്റെ ഹൃദയഭാഗത്ത് ഓപ്പൺ എയർ ഓഡിറ്റോറിയം യാഥാർത്ഥ്യമാവുന്നു. 3 വർഷം മുമ്പാണ് സംസ്ഥാന സർക്കാർ ബജറ്റിൽ ഒരു കോടി രൂപ നടുവണ്ണൂർ പഞ്ചായത്തിൽ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയത്തിനായി നീക്കിവെച്ചത്.
അന്ന് മുതൽ അനുയോജ്യമായ ഭൂമിക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു.പലരുമായും സൗജന്യമായി അത് ലഭിക്കാൻ ബന്ധപ്പെട്ടു. ഒടുവിൽ വെള്ളപ്പാലൻ കണ്ടി കുടുബത്തിൻ്റെ സന്മനസ്സിൽ ഓഡിറ്റോറിയം യാഥാർത്ഥ്യമാവുകയാണ്. 5.5 മീററർ വീതിയിലും 7.7 മീറ്റർ നീളത്തിലുള്ള ലക്ഷങ്ങൾ വിലയുള്ള ഭൂമിയാണ് ടൗണിന്റെ ഹൃദയഭാഗത്ത് സൗജന്യമായി നൽകുന്നത്. ഈ ഭൂമിയോട് ചേർന്ന് കിടക്കുന്നതും ജലസേചന വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ളതുമായ ഭൂമി കൂടി ലഭ്യമായാലേ ആവശ്യത്തിന് സൗകര്യം ഉണ്ടാകൂ എന്നു വന്നു. പിന്നീടുള്ള ശ്രമം അത് നേടാനായിരുന്നു. . അതത്ര എളുപ്പമായിരുന്നില്ല. നിരവധി തവണ വകുപ്പിൻ്റെ എല്ലാ തലങ്ങളിലുമുള്ള പരിശോധനയ്ക്ക് ശേഷവും ബഹു വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്ത്യൻ്റ പ്രത്യേക താല്പര്യപ്രകാരമാണ് അത് അനുവദിച്ചു കിട്ടിയത്. ബാലുശ്ശേരി എംഎൽഎ കെ എം സച്ചിൻ ദേവിന്റെ പരിശ്രമവും ഇതിന് തുണയായി. പലകുറി അതിനായി മാത്രം മന്ത്രിയെ കാണുകയും ഉണ്ടായി.
വെള്ളപ്പാലൻ കണ്ടി കുടുംബത്തിലെ പരേതരായ കുഞ്ഞിപ്പക്കി -പാത്തുമ്മ ദമ്പതികളുടെ പുത്രി പരേതയായ ഖജിയക്കുട്ടി ഉമ്മയുടെ അനന്തരാവകാശികളായ 27 പേർ ചേർന്നാണ് പഞ്ചായത്തിന് റജിസ്റ്റർ ചെയ്ത രേഖ കൈമാറിയത്. പ്രായാധിക്യവും മറ്റ് ശാരീരിക അവശതകളും പേറുന്നവരാണ് ഈ സദ് ഉദ്യമത്തിൻ്റെ ഭാഗമാവാനായി എത്തിയവരിൽ ഏറെയും. വെള്ളപ്പാലൻ കണ്ടി അബ്ദുറഹിമാൻ മാഷ്, അഹമ്മദ് കുട്ടി മാഷ്, കമ്മനക്കുഴി കുഞ്ഞി പരീദ് തുടങ്ങിയവരാണ് കുടുബത്തിലെ മുഴുവൻ അവകാശികളേയും ഏകോപിപ്പിച്ചത്. കുടുംബാഗങ്ങളെല്ലാം ഒറ്റ മനസ്സായി നിന്നത് കൊണ്ട് മാത്രമാണ് ഇത് സാധ്യമായത്.