കടിയങ്ങാട് വീട്ടിൽ ഗ്യാസ് ലീക്കായത് പരിഭ്രാന്തി പരത്തി
പേരാമ്പ്ര ഫയർ ഫോഴ്സ് സിലിണ്ടർ മാറ്റി ലീക്ക് പരിഹരിച്ചു

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്ത് കടിയങ്ങാട് വീട്ടിൽ ഉപയോഗിക്കാൻ തുടങ്ങിയ പുതിയ പാചകവാതക സിലിണ്ടർ ലീക്കായത് വീട്ടുകാരെയും പരിസരവാസികളെയും ഏറെനേരം പരിഭ്രാന്തിയിലാക്കി. കടിയങ്ങാട് ചെറുകുന്നുമ്മൽ കുഞ്ഞിക്കണ്ണൻ്റെ വീട്ടിലെ അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു എൽ.പി.ജി. ലീക്കാകുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ തന്നെ അഗ്നിരക്ഷാ നിലയത്തിൽ അറിയിച്ചതിനാൽ പേരാമ്പ്രയിൽ നിന്നും സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ കെ.ടി. റഫീക്കിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തുകയും ഗ്യാസ് സിലിണ്ടർ എടുത്തു മാറ്റി ലീക്ക് നിയന്ത്രണ വിധേയമാക്കി അപകട സാധ്യത ഒഴിവാക്കുകയും ചെയ്തു.
ഗ്യാസ് വിതരണ ഏജൻസിയെ ബന്ധപ്പെട്ട് സിലിണ്ടർ മാറ്റി നൽകുന്നതിന് നിർദ്ദേശം നൽകി. പേരാമ്പ്ര നിലയത്തിലെ ഉദ്യോഗസ്ഥരായ കെ. ശ്രീകാന്ത്, ആർ. ജിഷാദ്, എസ്. ഹൃതിൻ, വി. വിനീത്, ഹോം ഗാർഡ് പി. മുരളീധരൻ എന്നിവരും രക്ഷാസംഘത്തിൽ ഉണ്ടായിരുന്നു.