കൂമുള്ളി -പുത്തഞ്ചേരി റോഡിന്റെ ശോചനീയമായ അവസ്ഥയിൽ പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവർമാരുടെ വ്യത്യസ്തമായ പണിമുടക്ക്
കൂമുള്ളി വായനശാല ഓട്ടോ യൂണിയനാണ് ഇന്ന് സൂചനാ പണിമുടക്ക് നടത്തിയത്

പുത്തഞ്ചേരി: പ്രധാനമന്ത്രി സഡക് യോജനയിൽ ഉൾപ്പെട്ട കൂമുള്ളി - ഒള്ളൂർ ഇല്ലത്ത് താഴെ റോഡ് പണി പൂർത്തിയാവാതെ ഒന്നര വർഷം കഴിഞ്ഞു. ഇതിൽ പ്രതിഷേധിച്ച് ഓട്ടത്തൊഴിലാളികൾ ഇന്ന് വ്യത്യസ്തമായ ഒരു പണിമുടക്കിന് നേതൃത്വം നൽകി.കൂമുള്ളി വായനശാല ഓട്ടോ യൂണിയനാണ് ഇന്ന് സൂചനാ പണിമുടക്ക് നടത്തിയത്.രാവിലെ കൂമുള്ളിയിൽ എത്തിച്ചേർന്ന ഓട്ടോ ഡ്രൈവർമാർ രാവിലെ 7 മുതൽ വൈകുന്നേരം 4 മണിവരെ കൂമുള്ളി മുതൽ പുത്തഞ്ചേരിപ്പുഴ വരെയുള്ള റോഡിലെ കുഴികൾ മണ്ണും മെറ്റലും ഉപയോഗിച്ച് നികത്തി.കുഴികളും കല്ലും പൊടിമണ്ണും നിറഞ്ഞ റോഡിന്റെ അവസ്ഥ ദയനീയമാണ്. വാഹനങ്ങളും യാത്രക്കാരുമാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. ഓട്ടോ ഓടി കിട്ടുന്ന പണം വണ്ടിയുടെ കേടുപാടുകൾ തീർക്കാൻ തികയുന്നില്ലെന്നു ഡ്രൈവർമാർ പറയുന്നു.
ഓട്ടോ യൂണിയൻ പ്രസിഡന്റ് വെളുത്താടത്ത് ബാലകൃഷ്ണനും സെക്രട്ടറി ഷിബു കാരടി പറമ്പിലും നേതൃത്വം നൽകി. റോഡിന്റെ കാര്യത്തിൽ അധികൃതരുടെ ഭാഗത്തു നിന്നും അനുയോജ്യമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ഇനിയും സമരം ശക്തമാക്കുമെന്ന് ഓട്ടോ യൂണിയൻ സെക്രട്ടറി ഷിബു കാരടിപറമ്പിൽ പറഞ്ഞു.